ബലാത്സംഗ കേസിലെ പ്രതികളെ ഹൈദരാബാദ് പോലീസ് വധിച്ചത് വ്യാജ ഏറ്റുമുട്ടലിലൂടെയെന്ന് കണ്ടെത്തി

  • 20/05/2022

ദില്ലി: ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വധിച്ചത് വ്യാജ ഏറ്റുമുട്ടലിലൂടെ എന്ന് കണ്ടെത്തി. സുപ്രീംകോടതി നിയോഗിച്ച സമിതിയുടേതാണ്  കണ്ടെത്തല്‍. ഉത്തരവാദികളായ പത്ത് പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാന്‍ സമിതി ശുപാര്‍ശ ചെയ്തു. 

പൊലീസ് വാദങ്ങള്‍ എല്ലാം തെറ്റാണെന്നും സിസിടവി ദൃശ്യങ്ങള്‍ അടക്കം മാറ്റിയെന്നും സമിതി കണ്ടെത്തി. രക്ഷപ്പെടുന്നതിനിടെ പ്രതികള്‍ പൊലീസിന് നേരെ വെടിയുതിര്‍ത്തെന്ന വാദം തള്ളിയാണ് സുപ്രീംകോടതി നിയോഗിച്ച മൂന്നംഗസമിതിയുടെ കണ്ടെത്തല്‍. കൊലപാതകം ലക്ഷ്യമിട്ട് പ്രതികള്‍ക്ക് നേരെ പൊലീസ് ബോധപൂര്‍വം വെടിവെയ്ക്കുകയായിരുന്നു. മുഹമ്മദ് സിറാജുദ്ദീന്‍, കെ രവി, ഷെയ്ക്ക് ലാല്‍ എന്നീ പൊലീസുകാരാണ് നാല് പ്രതികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. മറ്റ് ഏഴ് പൊലീസുകാര്‍ ഈ സമയം ഒപ്പമുണ്ടായിരുന്നു. 

യഥാര്‍ത്ഥ സംഭവം പുറത്ത് വരാതിരിക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍ മാറ്റി. പകരം പൊലീസ് തന്നെ നിര്‍മ്മിച്ചെടുത്ത വീഡിയോയാണ് പ്രചരിപ്പിച്ചത്. ഉത്തരവാദികളായ പത്ത് പൊലീസുകാര്‍ക്ക് എതിരെ കൊലപാതക കുറ്റത്തിന് വിചാരണ നടത്തണമെന്ന് സമിതി ശുപാര്‍ശ ചെയ്തു. സുപ്രീംകോടതിയിലെ മുന്‍ ജസ്റ്റിസ് വി എസ് സിര്‍പുര്‍കര്‍, സിബിഐ മുന്‍ ഡയറക്ടര്‍ ഡി ആര്‍ കാര്‍ത്തികേയന്‍, ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജി രേഖ പ്രകാശ് ബാല്‍ദോത്ത എന്നിവരടങ്ങിയ സമിതിയുടേതാണ് കണ്ടെത്തല്‍. അന്വേഷണ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ സൂക്ഷിക്കണമെന്ന മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്റെ വാദങ്ങള്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് അംഗീകരിച്ചില്ല.

Related News