സംസ്ഥാനത്ത് 21 ട്രെയിനുകള്‍ റദ്ദാക്കി

  • 20/05/2022

പാലക്കാട്:  റെയില്‍പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഇന്ന് മുതല്‍ സംസ്ഥാനത്ത് കൂടുതല്‍ ട്രെയിന്‍ നിയന്ത്രണം. അടുത്ത ശനിയാഴ്ച വരെ 21 ട്രെയിനുകളാണ് റദ്ദാക്കിയത്. കോട്ടയം വഴിയുള്ള ട്രെയിനുകള്‍ പകല്‍ ആലപ്പുഴ വഴി തിരിച്ചുവിടും. പുതിയ പാതയില്‍ തിങ്കളാഴ്ച സ്പീഡ് ട്രയല്‍ നടക്കും.

പകല്‍ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം നിയന്ത്രിച്ചാണ് ചിങ്ങവനം-ഏറ്റുമാനൂര്‍ സെക്ഷനില്‍ ഇരട്ടപ്പാത നിര്‍മാണ ജോലികള്‍ പുരോഗമിക്കുന്നത്. പഴയ ട്രാക്ക് മുറിച്ചു മാറ്റി പുതിയ ട്രാക്കുമായി ബന്ധിപ്പിക്കല്‍ സിഗ്‌നല്‍ സംവിധാനങ്ങള്‍ നവീകരിക്കല്‍ ഉള്‍പ്പെടെയുള്ള ജോലികളാണ് പുരോഗമിക്കുന്നത്. 

തിങ്കളാഴ്ച ട്രയല്‍ റണ്‍ ഉള്‍പ്പെടെ നടക്കാനിരിക്കെയാണ് ഒരാഴ്ചത്തേക്ക് കൂടുതല്‍ ട്രെയിനുകള്‍ റദാക്കുന്നത്. എറണാകുളത്ത് കൂടുതല്‍ ട്രെയിനുകള്‍ നിര്‍ത്തിയിടാന്‍ സൗകര്യമില്ലാത്തതും ആലപ്പുഴ വഴി ഒറ്റലൈന്‍ ട്രാക്ക് മാത്രം ഉള്ളതുമാണ് കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കാന്‍ കാരണം. ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ആശ്രയിക്കുന്ന വേണാട്, പരശുറാം എക്‌സ്പ്രസ്, ചെന്നൈ-തിരുവനന്തപുരം മെയില്‍, കന്യാകുമാരി- ബെംഗളൂരു ഐലന്‍ഡ്, തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസും റദ്ദാക്കിയ ട്രെയിനുകളുടെ പട്ടികയിലുണ്ട്.പകല്‍ ട്രെയിനുകളില്‍ യാത്രക്കാര്‍ക്ക് പരമാവധി ബുദ്ധിമുട്ട് കുറച്ചാണ് റദ്ദാക്കുന്നതെന്നാണ് റെയില്‍വേയുടെ വിശദീകരണം. 

വേണാട് എക്‌സ്പ്രസ് റദ്ദാക്കുന്ന സാഹചര്യത്തില്‍ വേണാടിന്റെ അതേ സമയത്ത് കൊല്ലം-ചങ്ങനാശേരി പാതയില്‍ പ്രത്യേക മെമു സര്‍വീസ് നടത്തും. 24 മുതല്‍ 28 വരെ പകല്‍ 10 മണിക്കൂര്‍ കോട്ടയം വഴി ഗതാഗത നിയന്ത്രണമുണ്ട്. 28ന് രാവിലെ 8.45 മുതല്‍ വൈകിട്ട് 6.45 വരെയാണു നിയന്ത്രണം. ഇരുപതിയെട്ടാം തീയതിയോടെ ജോലികള്‍ പൂര്‍ത്തിയാക്കി ഇരട്ടപ്പാത സജ്ജമാക്കാനാണ് തീരുമാനം.

Related News