റോഡിലേക്ക് വീണ മരം വെട്ടിമാറ്റുന്നത് സംബന്ധിച്ച തര്‍ക്കം; അയല്‍വാസിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

  • 21/05/2022

പുളിക്കീഴ്: റോഡിലേക്ക് വീണ മരം വെട്ടിമാറ്റുന്നത് സംബന്ധിച്ച തര്‍ക്കത്തിനിടെ അയല്‍വാസിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍. കടപ്ര 13-ാം വാര്‍ഡില്‍ തേവേരിയിലാണ് സംഭവം ഉണ്ടായത്. തേവേരി പള്ളിവിരുത്തില്‍ വീട്ടില്‍ ജോളി എന്ന തോമസ് വി.ഉമ്മ(56) നെയാണ് പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തത്.

പുളിന്തറ വീട്ടില്‍ സതീഷ് കുമാറി(47) നെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലാണ് അറസ്റ്റ്. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെ ആയിരുന്നു സംഭവം. തോമസ് വി.ഉമ്മന്റെ പുരയിടത്തില്‍ നിന്ന ആഞ്ഞിലിയുടെ കൊമ്പ് വ്യാഴാഴ്ച രാത്രി 12-ന് വൈദ്യുതി കമ്പിയിലേക്ക് വീണു. തുടര്‍ന്ന് ഇലക്ട്രിസിറ്റി ബോര്‍ഡ് ജീവനക്കാരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു.

മരം വെട്ടിമാറ്റിയ ശേഷം വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ ഗ്രാമപ്പഞ്ചായത്ത് അംഗം ജോമോന്‍ കുരുവിള ഉള്‍പ്പെടെയുള്ളവര്‍ സംഭവ സ്ഥലത്തെത്തി. മരം വെട്ടിമാറ്റുന്നത് സംബന്ധിച്ച് ജോളി തര്‍ക്കം ഉന്നയിച്ചു. തുടര്‍ന്ന് വാര്‍ഡ് അംഗത്തെ അസഭ്യം പറയുകയും ചെയ്തു.

ഇത് ചോദ്യം ചെയ്ത സമീപവാസിയായ സതീഷിന്റെ തലയ്ക്ക് വെട്ടുകത്തി ഉപയോഗിച്ച് ജോളി വെട്ടി പരിക്കേല്‍പ്പിച്ചതായി പോലീസ് പറഞ്ഞു. തലയ്ക്ക് സാരമായി പരിക്കേറ്റ സതീഷിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related News