പി.സി ജോര്‍ജ്ജിനായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലീസ്

  • 21/05/2022

കൊച്ചി: ജാമ്യം റദ്ദാക്കിയതിന് പിന്നാലെ പി സി ജോര്‍ജിനെ കണ്ടെത്താനുള്ള തിരച്ചില്‍ ഇന്നും പോലീസ് ഊര്‍ജ്ജിതമാക്കും.  ഇന്നലെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ എത്തി പൊലീസ് തിരഞ്ഞിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. എറണാകുളം വെണ്ണലയിലെ വിദ്വേഷപ്രസംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതിനായി പൊലീസ് ശ്രമം തുടങ്ങിയത്. 

മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയ വിവരമറിഞ്ഞതിനു പിന്നാലെയാണ് പി സി ജോര്‍ജ് ഈരാട്ടുപേട്ടയിലെ വീട്ടില്‍ നിന്ന് പോയതെന്ന് പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. വീട്ടിലെ സിസി ടിവി പൊലീസ് പരിശോധിച്ചിരുന്നു. വീട്ടുകാരെ ചോദ്യം ചെയ്‌തെങ്കിലും പി.സി ജോര്‍ജ് എവിടെയെന്ന് അറിയില്ലെന്ന മറുപടിയാണ് കിട്ടിയത്. എറണാംകുളത്തിനും കോട്ടയത്തിനും പുറമേ തിരുവനന്തപുരമടക്കം പി.സി ജോര്‍ജ് പോകാന്‍ ഇടയുള്ള സ്ഥലങ്ങളില്‍ ഇന്നും തിരച്ചില്‍ തുടരാനാണ് കൊച്ചി സിറ്റി പൊലീസിന്റെ തീരുമാനം.

അതേസമയം, മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ എറണാകുളം ജില്ലാ സെഷന്‍സ് കോടതി ഉത്തരവിനെതിരെ നാളെ പി സി ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചേക്കും.വെണ്ണല പ്രസംഗത്തിന്റെ എഡിറ്റ് ചെയ്ത ഭാഗമാണ് സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കിയതെന്നും കേസിന് പിന്നില്‍ രാഷ്ടീയ ലക്ഷ്യങ്ങള്‍ ഉണ്ടെന്നുമാകും അറിയിക്കുക.

Related News