തൃക്കാക്കരയില്‍ ജനക്ഷേമ മുന്നണിയുടെ നിലപാട് ഇന്നറിയാം

  • 21/05/2022

കൊച്ചി: ജനക്ഷേമ മുന്നണി മൂന്ന് മണിക്ക് കിറ്റെക്‌സ് ആസ്ഥാനത്ത് നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ നിലപാട് പ്രഖ്യാപിക്കും. ട്വന്റി ട്വന്റി, ആംആദ്മി സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്താതെ വന്നതോടെ യുഡിഎഫിനും എല്‍ഡിഎഫിനും ഈ വോട്ടുകളില്‍ പ്രതീക്ഷയുണ്ട്. എന്നാല്‍, ട്വന്റി ട്വന്റി ചീഫ് കോഓര്‍ഡിനേറ്റര്‍ സാബു ജേക്കബ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം തുടരുകയാണ്. 

ഏതെങ്കിലും ഒരു മുന്നണിക്ക് പരസ്യമായ പിന്തുണ നല്‍കിയുള്ള പ്രഖ്യാപനത്തിന് സാധ്യത കുറവാണ്.അതേസമയം, തൃക്കാക്കരയില്‍ എന്‍ഡിഎ സഖ്യം ഇന്ന് മഹാസമ്പര്‍ക്കം സംഘടിപ്പിക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ മണ്ഡലത്തിലെ വീടുകള്‍ കയറി വോട്ട് തേടും. നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തൃക്കാക്കരയിലേക്ക് പ്രചാരണത്തിനായി മടങ്ങി എത്തും. 

കെപിസിസി അധ്യക്ഷന്റെയും പ്രതിപക്ഷ നേതാവിന്റെയും നേതൃത്വത്തില്‍ യുഡിഎഫ് നേതാക്കള്‍ മണ്ഡലത്തില്‍ കേന്ദ്രീകരിച്ചുള്ള പ്രചാരണവും തുടരുകയാണ്.ട്വന്റി 20യുമായി സഖ്യം പ്രഖ്യാപിക്കാനായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തിയിരുന്നു. കേരളത്തിലെ നാല് കോടി ജനങ്ങളുടെ സഖ്യമാണിത്. ഈ സഖ്യം കേരളത്തെ മാറ്റുമെന്നും കെജ്‌രിവാള്‍ സഖ്യ പ്രഖ്യാപന സമ്മേളനത്തില്‍ കൊച്ചിയില്‍ പറഞ്ഞു. കേരളത്തില്‍ ഇനി നാല് മുന്നണികളുണ്ടാകും. ആപ്പും ട്വന്റി 20യും ചേര്‍ന്നുള്ള ജനക്ഷേമ മുന്നണി കേരളത്തിലെ നാലാമത്തെ മുന്നണിയായിരിക്കുമെന്നും കെജ്‌രിവാള്‍ അവകാശപ്പെട്ടു.

Related News