പിതാവ് വീണ്ടും വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ മകന്‍ വീട് അടിച്ചു തകര്‍ത്തു, കോഴികളെ മോഷ്ടിച്ചു

  • 22/05/2022

തിരുവനന്തപുരം: പിതാവ് വീണ്ടും വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ മകന്‍ വീട് അടിച്ചു തകര്‍ത്തതായി പരാതി. തിരുവനന്തപുരം കാട്ടാക്കട സ്വദേശി മനോഹരന്റെ വീട്ടിലാണ് ആക്രമണം ഉണ്ടായത്. മകന്‍ സനല്‍കുമാറും സുഹൃത്തുക്കളുമാണ് സംഭവത്തിന് പിന്നിലെന്ന് പരാതിയിൽ പറയുന്നു. വീടിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ത്ത സംഘം 45000 രൂപ അപഹരിച്ചതായും വസ്ത്രങ്ങളും അഞ്ച് നാടന്‍ കോഴികളെ മോഷ്ടിച്ചതായും മനോഹരന്‍ നല്‍കിയ പരാതിയിലുണ്ട്. 

കഴിഞ്ഞ ദിവസമാണ് പരാതിക്ക് പിന്നിലെ സംഭവം നടന്നത്. പിന്‍വാതില്‍ തകര്‍ത്താണ് അക്രമി സംഘം വീട്ടിനുള്ളില്‍ പ്രവേശിച്ചത്. ഒറ്റയ്ക്ക് താമസിക്കുന്ന താന്‍ വീണ്ടും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിന്റെ വിരോധത്തിലാണ് മകന്‍ ആക്രമണം നടത്തിയതെന്നാണ് മനോഹരൻ ആരോപിക്കുന്നത്. ഭാര്യ മരിച്ചതിന് ശേഷം മനോഹരന്‍ ഒറ്റയ്ക്കാണ് താമസം. മകനും മകള്‍ക്കും പാരമ്പര്യമായി നല്‍കാനുള്ള സ്വത്തുക്കളെല്ലാം നേരത്തെ വീതിച്ചുനല്‍കിയിരുന്നു.  നിലവില്‍ താമസിക്കുന്ന വീടും സ്ഥലവും താന്‍ ഒറ്റയ്ക്ക് അധ്വാനിച്ചുണ്ടാക്കിയതാണെന്നാണ് മനോഹരന്‍ പറയുന്നത്. 

ഭാര്യ മരിച്ചതോടെ തന്റെ കാര്യങ്ങള്‍ നോക്കാന്‍ ആരുമില്ലെന്നും അതിനാലാണ് വിവാഹം കഴിക്കാനുള്ള ആഗ്രഹം അറിയിച്ചതെന്നും മനോഹരന്‍ പറയുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് മകനും മറ്റു നാലുപേരും വീട്ടില്‍ കയറി ആക്രമണം അഴിച്ചുവിട്ടതെന്നും പരാതിയിലുണ്ട്. മനോഹരന്റെ പരാതിയില്‍ കാട്ടാക്കട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related News