ഒരു മുന്നണിക്കും പിന്തുണയില്ല; വിവേകപൂര്‍വം വോട്ടവകാശം വിനിയോഗിക്കണമെന്ന് ജനക്ഷേമ മുന്നണി

  • 22/05/2022

കൊച്ചി: ഉപതെരഞ്ഞെടുപ്പില്‍ ആര്‍ക്കും പിന്തുണ പ്രഖ്യാപിക്കാതെ ട്വന്റി 20 ആം ആദ്മി പാര്‍ട്ടി സഖ്യമായ ജനക്ഷേമ മുന്നണി. വിവേകപൂര്‍വം വോട്ടവകാശം വിനിയോഗിക്കാന്‍ പ്രവര്‍ത്തകരോട് സാബു എം.ജേക്കബ് ആഹ്വാനം ചെയ്തു. തൃക്കാക്കരയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താതെ തന്നെ ജയിച്ച അവസ്ഥയിലാണ് ജനക്ഷേമ മുന്നണി. മണ്ഡലത്തിലെ ജയവും പരാജയവും തീരുമാനിക്കുന്നത് ജനക്ഷേമ മുന്നണിയായിരിക്കുമെന്ന് സാബു ജേക്കബും പി.സി.സിറിയക്കും വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു. 

സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ സാഹചര്യങ്ങള്‍ വിലയിരുത്തി പ്രവര്‍ത്തകര്‍ വോട്ട് ചെയ്യണം. നേതാക്കള്‍ പറയുന്നത് അതേപടി വിശ്വസിച്ച് വോട്ട് ചെയ്യുന്ന രീതി മാറണമെന്നും സാബു ജേക്കബ് നിര്‍ദേശിച്ചു.സഖ്യത്തിന്റെ രാഷ്രീയ നിലപാട് നേരത്തെ പ്രഖ്യാപിച്ചതാണെന്ന് സാബു എം.ജേക്കബ് പറഞ്ഞു. ഇനി അത്തരം വിഷയങ്ങള്‍ പറഞ്ഞ് ആശയ കുഴപ്പം ഉണ്ടാക്കുന്നില്ല. തൃക്കാക്കരയില്‍ എല്ലാ മുന്നണികളും വോട്ട് ആഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ആരോടും പ്രത്യേകം എതിര്‍പ്പോ അടുപ്പമോ ഇല്ലെന്നും സാബു വ്യക്തമാക്കി. 

എല്‍ഡിഎഫിനോടുള്ള നിലപാട് മയപ്പെടുത്തിയോ എന്ന ചോദ്യത്തിന് നേരത്തെ എടുത്ത നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും സാബു ജേക്കബ് പറഞ്ഞു.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരു മുന്നണികള്‍ക്കും എതിരെ മത്സരിച്ച ട്വന്റി 20 പതിമൂവായിരത്തിലധികം വോട്ടുകള്‍ നേടിയിരുന്നു. ഇക്കുറി ആം ആദ്മി പാര്‍ട്ടിയുമായി ചേര്‍ന്ന് ജനക്ഷേമ മുന്നണി രൂപീകരിച്ചിട്ടുള്ള ട്വന്റി 20 മണ്ഡലത്തിലെ 10 ശതമാനം വോട്ടാണ് അവകാശപ്പെടുന്നത്. മണ്ഡലത്തില്‍ ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമായേക്കാവുന്ന ഈ വോട്ട് വിഹിതം മൂന്ന് മുന്നണികളും മനക്കണ്ണില്‍ കാണുന്നുണ്ട്.

Related News