പി.ജി. ഡോക്ടറെന്ന വ്യാജേന മെഡിക്കൽ കോളേജിൽ കയറി രോഗിയെ ചികിത്സിച്ച് തട്ടിപ്പ്; യുവാവ് പിടിയില്‍

  • 22/05/2022

തിരുവനന്തപുരം: പി.ജി. ഡോക്ടറാണെന്ന വ്യാജേന മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കയറി രോഗിയെ ചികിത്സിച്ച് തട്ടിപ്പുനടത്തിയ യുവാവ് പിടിയില്‍. പൂന്തുറ മാണിക്യവിളാകം സ്വദേശി നിഖിലിനെ(22)യാണ് ആശുപത്രി ജീവനക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഒന്നാം വാർഡിൽ കാലിനു പരിക്കുപറ്റി ചികിത്സയിലായിരുന്ന വിഴിഞ്ഞം സ്വദേശി റിനുവിനെയാണ് നിഖിൽ കബളിപ്പിച്ചത്. ഒരു വർഷം മുൻപ് മെഡിക്കൽ കോളേജിൽ വെച്ച് തന്നെയാണ് ഡോക്ടർ എന്ന വ്യാജേന റിനുവിന്‍റെ സഹോദരനെ നിഖിൽ പരിചയപ്പെടുന്നത്. ഈ പരിചയം നിഖിലിനെ ഇവരുടെ കുടുംബ സുഹൃത്താക്കി മാറ്റി. നേരത്തേയുള്ള പരിചയം മുതലെടുത്ത് റിനുവിനു കൂട്ടിരിക്കാനെന്ന പേരില്‍ പത്തു ദിവസമാണ് ഇയാള്‍ സ്റ്റെതസ്‌കോപ്പ് ധരിച്ച് ആശുപത്രിയില്‍ കഴിഞ്ഞത്.

മാരകമായ രോഗങ്ങളുണ്ടെന്നു പറഞ്ഞു ഭയപ്പെടുത്തി മരുന്നിനും പരിശോധനകള്‍ക്കുമായി റിനുവിന്റെ കൈയില്‍നിന്ന് നിഖില്‍ പണവും കൈക്കലാക്കി. റിനുവിന്‍റെ രക്ത സാമ്പിളുകൾ പരിശോധനയ്ക്കായി ലാബിലേക്ക് കൊണ്ടുപോകുന്നത് നിഖിലാണ്. അതിനാൽ തന്നെ റിനു ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആകാതെ ഇരിക്കാൻ വേണ്ടി നിഖിൽ സാമ്പിളുകളിൽ കൃത്രിമം കാട്ടിയതായി പോലീസ് പറഞ്ഞു. 

പരിശോധന ഫലങ്ങളിൽ വന്ന ആശയകുഴപ്പം ഡോക്ടർമാരെ വലച്ചിരുന്നു. ഇതോടെയാണ് ശനിയാഴ്ച രാവിലെ ഡ്യൂട്ടി ഡോക്ടർ ഡോ. ശ്രീനാഥും മറ്റു ജീവനക്കാരും ചേർന്ന് നിഖിലിനെ പിടികൂടി നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ഡോക്ടർ അല്ലെന്ന് തെളിഞ്ഞത്. 

തുടർന്ന് പ്രതിയെ മെഡിക്കൽ കോളേജ് പൊലീസിൽ ഏൽപ്പിച്ചു. പ്രതി റിനുവിന്‍റെ കുടുംബത്തിൽ നിന്ന് നാലു ലക്ഷത്തോളം രൂപയും തുടർപഠനത്തിനായി 80,000 രൂപയും തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. നിഖിലിനെതിരേ ആൾമാറാട്ടം, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയതായി പോലീസ് പറഞ്ഞു. 

Related News