വിജയ് ബാബുവിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

  • 22/05/2022

കൊച്ചി: നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് പി.ഗോപിനാഥിന്റെ ബെഞ്ചാണ് വാദം കേള്‍ക്കുക. ജാമ്യാപേക്ഷയില്‍ നിലപാട് അറിയിക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഏപ്രില്‍ 29-ന് നല്‍കിയ ഹര്‍ജി വേനലവധിക്കുശേഷം പരിഗണിക്കാന്‍ മാറ്റുകയായിരുന്നു.ജാമ്യാപേക്ഷ തള്ളണമെന്നാണ് പൊലീസിന്റെ നിലപാട്. 

വിജയ് ബാബു അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും നാട് വിട്ടിരിക്കുകയാണെന്നും പൊലീസ് കോടതിയെ അറിയിക്കും. കേസെടുത്തതിന് പിന്നാലെ വിജയ് ബാബു ഒളിവില്‍ പോകുകയായിരുന്നു. ദുബായില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന നടന്റെ പാസ്പോര്‍ട്ട് റദ്ദാക്കിയിരുന്നു. എന്നാല്‍ വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്നെന്നാണ് വിവരം.

പ്രതിയെ രാജ്യത്തെത്തിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. എത്രയും പെട്ടെന്ന് കീഴടങ്ങണമെന്ന് പൊലീസ് അന്ത്യശാസനം നല്‍കിയിരുന്നു. ഈ മാസം 24നുള്ളില്‍ കീഴടങ്ങാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷ്ണര്‍ അറിയിച്ചിരുന്നു. 24നുള്ളില്‍ കീഴടങ്ങാന്‍ തയാറായില്ലെങ്കില്‍ വിജയ്ബാബുവിന്റെ നാട്ടിലുള്ള സ്വത്തുവകകള്‍ കണ്ടുകെട്ടാനാണ് ശ്രമം. ഇതിനായി പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്.അതേസമയം സിനിമയില്‍ അവസരം നല്‍കാത്തതിന്റെ വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നാണ് വിജയ് ബാബുവിന്റെ വാദം. അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നുമാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്.

Related News