'കിട്ടിയത് ഒരു പാട്ടക്കാറും വേസ്റ്റ് പെണ്ണും';  സ്ത്രീധനത്തിന്‍റെ പേരില്‍ വിസ്മയ നേരിട്ടത് ക്രൂര പീഡനം, തെളിവായി സംഭാഷണങ്ങള്‍

  • 23/05/2022

കൊല്ലം: കോളിളക്കം സൃഷ്ടിച്ച വിസ്മയ കേസില്‍ കിരണ്‍കുമാര്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരിക്കുകയാണ്.  വിസ്മയയോട് കിരണ്‍ കുമാര്‍ സ്ത്രീധനം ആവശ്യപ്പെട്ടതിന് കൂടുതല്‍ തെളിവ് പുറത്തു വന്നിരുന്നു. വിലകൂടിയ കാര്‍ വേണമെന്ന് ആവശ്യപ്പെട്ട് വിസ്മയയോട് ഭര്‍ത്താവ് വഴുക്കുണ്ടാക്കുന്ന സംഭാഷണം പുറത്തുവന്നിരുന്നു. തനിക്ക് ഇഷ്ടപ്പെട്ട മോഡല്‍ കാറല്ല സമ്മാനമായി നല്‍കിയതെന്ന് പറഞ്ഞാണ് കിരണ്‍ കലഹിച്ചത്.

'ഹോണ്ടാ സിറ്റിയായിരുന്നു എനിക്കിഷ്ടം. അതിന് വിലക്കൂടുതലാ, അത് നോക്കണ്ടെന്ന് ഞാന്‍ തന്നെ നിങ്ങടെ എച്ചിത്തരം കണ്ടപ്പോ പറഞ്ഞു.  വെന്‍റോ എടുത്ത് തരാമെന്ന് ഫിക്സ് ചെയ്തതല്ലേ. രാത്രി വന്നപ്പഴാണ് ഞാനീ സാധനം കണ്ടത്. അപ്പഴേ എന്‍റെ കിളി പോയി', എന്നിങ്ങനെയാണ് കിരണ്‍ വിസ്മയയോട് ഫോണില്‍ പറയുന്നത്.

കൊല്ലം നിലമേല്‍ കൈതോട് സ്വദേശിനിയായ വിസ്മയ വി. നായര്‍ എന്ന 24-കാരിയെ 2021 ജൂണ്‍ 21-ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് വിസ്മയയെ ഭര്‍ത്താവ് കിരണ്‍കുമാറിന്റെ വീട്ടിലെ ശൗചാലയത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് തലേദിവസം വിസ്മയ സഹോദരനും മറ്റും താന്‍ നേരിട്ട ഉപദ്രവങ്ങള്‍ വിശദീകരിച്ച് വാട്‌സാപ്പ് സന്ദേശങ്ങള്‍ അയച്ചിരുന്നു. ഈ സന്ദേശങ്ങള്‍ കുടുംബം പുറത്തുവിട്ടതോടെ വിസ്മയയുടെ മരണം വലിയ വാര്‍ത്തയായി.

2020 മേയ് 30-നായിരുന്നു ബി.എ.എം.എസ്. വിദ്യാര്‍ഥിനിയായിരുന്ന വിസ്മയയും മോട്ടോര്‍ വാഹനവകുപ്പില്‍ എ.എം.വി.ഐ. ആയിരുന്ന കിരണ്‍കുമാറും വിവാഹിതരായത്. വിവാഹസമയത്ത് നല്‍കിയ കാറിനെച്ചൊല്ലി ആദ്യനാളുകളിലേ കിരണ്‍കുമാറിന് എതിര്‍പ്പുണ്ടായിരുന്നു. സ്ത്രീധനം കുറഞ്ഞെന്നും വിവാഹസമ്മാനമായി നല്‍കിയ കാര്‍ മോശമാണെന്നും പറഞ്ഞ് നിരന്തരം വഴക്കും പ്രശ്നങ്ങളുമുണ്ടായിരുന്നു. ഗള്‍ഫുകാരന്റെ മകളും മര്‍ച്ചന്റ് നേവിക്കാരന്റെ പെങ്ങളുമാണെന്ന് വിചാരിച്ചാണ് കല്യാണം കഴിച്ചതെന്ന് കിരണ്‍ പറയുമായിരുന്നു. പക്ഷേ, കിട്ടിയത് ഒരു പാട്ടക്കാറും വേസ്റ്റ് പെണ്ണുമാണെന്നും കിരണ്‍ പറഞ്ഞിരുന്നു.

മാനസികസമ്മര്‍ദം താങ്ങാനാകാതെ ആത്മഹത്യയുടെ ഘട്ടത്തിലാണെന്നു പറഞ്ഞപ്പോള്‍ നീ ചത്താല്‍ പാട്ടക്കാറും നിന്നേം സഹിക്കേണ്ടല്ലോ എന്ന് കിരണ്‍ പറഞ്ഞു. വിസ്മയയുടെ ആത്മഹത്യയിലേക്ക് നയിച്ചത് ഭര്‍ത്താവില്‍നിന്നുള്ള ഈ പീഡനമാണെന്നായിരുന്നു അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. കിരണ്‍ ഭിത്തിയോടു ചേര്‍ത്തുനിര്‍ത്തി കഴുത്തില്‍ കുത്തിപ്പിടിക്കുകയും ചവിട്ടി നിലത്തിട്ട് മുഖത്ത് കാല്‍കൊണ്ട് ചവിട്ടിപ്പിടിക്കുകയും ചെയ്യുമായിരുന്നെന്ന് വിസ്മയ പറഞ്ഞതായി വിജിത്തിന്റെ ഭാര്യ മൊഴിനല്‍കി.

ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ 102 സാക്ഷിമൊഴികളും 98 രേഖകളും 56 തൊണ്ടിമുതലുകളും അടങ്ങുന്ന കുറ്റപത്രമാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. കിരണ്‍കുമാറിനെതിരേ സാഹചര്യത്തെളിവുകള്‍ക്കുപുറമെ ശാസ്ത്രീയവും സാങ്കേതികവുമായ നിരവധി തെളിവുകളാണ് അന്വേഷണസംഘം ശേഖരിച്ചത്. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി.മോഹന്‍രാജിന്റെ നിര്‍ദേശങ്ങള്‍കൂടി പരിഗണിച്ചായിരുന്നു അന്തിമ കുറ്റപത്രം തയ്യാറാക്കിയത്.

വിസ്മയകേസില്‍ സ്ത്രീധനപീഡനവും ഗാര്‍ഹികപീഡനവുമായി ബന്ധപ്പെട്ട വകുപ്പുകളാണ് പ്രതിക്കെതിരേ ചുമത്തിയിരുന്നത്. സ്ത്രീധനവുമായി ബന്ധപ്പെട്ട ക്രൂരമായ പ്രവൃത്തികള്‍ കാരണം അസ്വാഭാവികമരണം ഉണ്ടായതിന് ഐ.പി.സി. 304 (ബി) വകുപ്പ്, ഗാര്‍ഹികപീഡനത്തിന് 498 എ, ആത്മഹത്യാപ്രേരണയ്ക്ക് ഐ.പി.സി. 306 എന്നീ വകുപ്പുകളും സ്ത്രീധനനിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളും പരിക്കേല്‍പ്പിച്ചതിന് ഐ.പി.സി. 323, ഭീഷണിപ്പെടുത്തിയതിന് ഐ.പി.സി. 506 എന്നീ വകുപ്പുകളുമാണ് കിരണിനെതിരേ ചുമത്തിയിരുന്നത്. ഇതില്‍ ഐ.പി.സി. 323, 506 എന്നീ വകുപ്പുകളില്‍ പ്രതിയെ കോടതി വെറുതെവിട്ടു. എന്നാല്‍ മറ്റു വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റംചെയ്തിട്ടുണ്ടെന്നായിരുന്നു മേയ് 23-ന് കോടതി കണ്ടെത്തിയത്.

മറ്റു ഗാര്‍ഹികപീഡനങ്ങളില്‍നിന്നു വ്യത്യസ്തമായി പല ഘട്ടങ്ങളിലും ഇയാള്‍ വീടിനു പുറത്തും യാത്രയ്ക്കിടയിലും ഉപദ്രവവും മാനസികപീഡനവും തുടര്‍ന്നു. അതിനാല്‍ 304 ബി കൂടാതെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് 306-ാം വകുപ്പുകൂടി ചുമത്തിയെന്നും എസ്.പി. വ്യക്തമാക്കിയിരുന്നു. വിസ്മയയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും തൂങ്ങിമരണമെന്നായിരുന്നു കണ്ടെത്തിയത്.

സ്ത്രീധനമായി നല്‍കിയ കാര്‍ ഇഷ്ടപ്പെടാത്തതിന്റെയും സ്വര്‍ണം കുറഞ്ഞുപോയതിന്റെയും പേരില്‍ വിസ്മയയെ ഭര്‍ത്താവ് കിരണ്‍ നിരന്തരം പീഡിപ്പിച്ചിരുന്നെന്നായിരുന്നു വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ കോടതിയില്‍ നല്‍കിയമൊഴി. വിവാഹം ഉറപ്പിക്കുന്ന സമയത്ത് 101 പവന്‍ സ്വര്‍ണവും 1.2 ഏക്കര്‍ സ്ഥലവും കാറും നല്‍കാമെന്നു സമ്മതിച്ചു. കോവിഡ് സാഹചര്യം കാരണം 80 പവന്‍ മാത്രമേ നല്‍കാന്‍ കഴിഞ്ഞുള്ളൂ.വിവാഹത്തലേന്ന് വീട്ടിലെത്തിയ കിരണിന് വാങ്ങിയ കാര്‍ ഇഷ്ടപ്പെട്ടില്ല. മകളോട് പറഞ്ഞതോടെ വിവാഹദിവസം വേറെ കാര്‍ വാങ്ങിനല്‍കാമെന്നു പറഞ്ഞു. ലോക്കറില്‍ വെക്കാന്‍ സ്വര്‍ണം തൂക്കിനോക്കുമ്പോഴാണ് കുറവുണ്ടെന്ന് കിരണിനു മനസ്സിലായത്. കാറിന് ബാങ്ക് വായ്പ ഉള്ളതായും കണ്ടു. ഇതിന്റെപേരില്‍ വിസ്മയയെ ഉപദ്രവിച്ചു.

വിവാഹബന്ധം ഒഴിയുന്നതിനായി സമുദായസംഘടനയുമായി ബന്ധപ്പെട്ടിരുന്നു. മാര്‍ച്ച് 25-ന് ചര്‍ച്ചനടത്താനിരിക്കെ 17-ന് എത്തിയ കിരണ്‍ മകളെ കൂട്ടിക്കൊണ്ടുപോയി.കേസ് ഒഴിവാക്കാനായിരുന്നു ഇത്. അതിനുശേഷം തന്റെയും മകന്റെയും ഫോണ്‍ നമ്പറും ഫെയ്‌സ്ബുക്കും എല്ലാം കിരണ്‍ ബ്ലോക്ക് ചെയ്തെന്നും അദ്ദേഹം മൊഴിനല്‍കി.ജൂണ്‍ 21-ന് കിരണിന്റെ അച്ഛന്‍, വിസ്മയ ആശുപത്രിയിലാണെന്ന് വിളിച്ചുപറഞ്ഞു. ആശുപത്രിയിലേക്ക് പോകുന്ന വഴിയില്‍ മരണവിവരം അറിഞ്ഞെന്നും ത്രിവിക്രമന്‍ നായര്‍ മൊഴിനല്‍കിയിരുന്നു.

Related News