കുസാറ്റില്‍ ഭക്ഷ്യവിഷബാധ; അറുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

  • 23/05/2022

കൊച്ചി: കുസാറ്റ് ക്യാംപസില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് അറുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍. ആരോഗ്യവകുപ്പ് ക്യാംപസില്‍ നടത്തിയ പരിശോധനകളെ തുടര്‍ന്നാണ് ക്യാംപസ് അടച്ചിടാന്‍ സര്‍വകലാശാല അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.

 മൂന്ന് ദിവസം നീണ്ട കുസാറ്റ് യൂണിവേഴ്സിറ്റി ഫെസ്റ്റ് സമാപിച്ചതിന് പിറകെയാണ് വിദ്യാര്‍ഥികളില്‍ ഭക്ഷ്യവിഷബാധയുടെ രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്. ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി അറുപതോളം വിദ്യാര്‍ഥികളാണ് വിവിധ ആശുപത്രികളില്‍ ചികിത്സതേടിയത്. സര്‍വകലാശാല പരീക്ഷകള്‍ കൂടി നടക്കുന്നതിനാല്‍ രോഗലക്ഷണങ്ങളുള്ള പലരും ഹോസ്റ്റലുകളില്‍ തന്നെ കഴിയുകയായിരുന്നു.

ഹോസ്റ്റലുകളിലും ക്യാംപസിലെ ഫുഡ് കോര്‍ട്ടിലുമെല്ലാം ആരോഗ്യവകുപ്പും, ഭക്ഷ്യസുരക്ഷാവിഭാഗവും പരിശോധന നടത്തി. യൂണിവേഴ്‌സിറ്റി ഫെസ്റ്റിനിടെയായിരിക്കും ഭക്ഷ്യവിഷബാധ സംഭവിച്ചതെന്നാണ് അനുമാനം. ക്യാംപസിന് പുറത്ത് സ്വകാര്യ ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ക്കും, വീടുകളില്‍ നിന്നെത്തുന്ന വിദ്യാര്‍ഥികള്‍ക്കുമടക്കം രോഗലക്ഷണങ്ങളുണ്ട്. ക്യാംപസില്‍ പരിശോധന നടത്തിയ ജില്ലാ ആരോഗ്യവിഭാഗം മൂന്നിടത്തായി മെഡിക്കല്‍ ക്യാംപും നടത്തി. ഈ മാസം 31വരെയാണ് ക്യാംപസ് അടച്ചിടുക. ക്ലാസുകള്‍ ഓണ്‍ലൈനായി തുടരും. അവസാന വര്‍ഷ പരീക്ഷകളൊഴികെയുള്ള പരീക്ഷകളെല്ലാം മാറ്റിവച്ചു.

Related News