കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു; സംഘാടകരും പ്രതികളാവും

  • 23/05/2022

ആലപ്പുഴ:  ജില്ലയില്‍ സംഘടിപ്പിച്ച പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ ഒരു കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. കോട്ടയം ഈരാറ്റുപേട്ട സ്വദേശിയാണ് പൊലീസ് പിടിയിലായത്. റാലിക്ക് കുട്ടിയെ കൊണ്ടുവന്നത് ഇയാളാണെന്നാണ് സൂചന. 

കേസില്‍ പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനവും സെക്രട്ടറി മുജീബുമാണ് ഒന്നും രണ്ടും പ്രതികള്‍. മുദ്രാവാക്യം വിളിച്ച കുട്ടിയെ ചുമലിലേറ്റിയ ആളും പ്രതിയാവും. 

അഭിഭാഷക പരിഷത്തിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സംസ്ഥാന ബാലാവകാശ കമ്മിഷനും കേസെടുത്തിരുന്നു. പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി ബാലാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ കെ.വി.മനോജ്കുമാര്‍ പറഞ്ഞു. 7 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് ദേശീയ ബാലാവകാശ കമ്മിഷന്‍ കത്ത് നല്‍കി.

21നു നടന്ന റാലിക്കിടെയായിരുന്നു സംഭവം. 10 വയസ്സില്‍ താഴെ പ്രായം തോന്നിക്കുന്ന ഒരു കുട്ടി, ഒരാളുടെ ചുമലില്‍ ഇരുന്ന് പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയും ബാക്കിയുള്ളവര്‍ അത് ഏറ്റുവിളിക്കുകയും ചെയ്യുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ കുട്ടി വിളിച്ച മുദ്രാവാക്യം സംഘാടകര്‍ നല്‍കിയതല്ലെന്നും ഇത്തരം അതിവൈകാരിക മുദ്രാവാക്യങ്ങളോ പ്രകോപനങ്ങളോ സംഘടനയുടെ ശൈലിയല്ലെന്നും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ.റൗഫ് പറഞ്ഞു.

Related News