കിരണ്‍കുമാറിന് 10 വര്‍ഷം തടവ്; 12.5 ലക്ഷം രൂപ പിഴ

  • 24/05/2022

കൊല്ലം: വിസ്മയ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന് 10 വര്‍ഷം തടവ് . പന്ത്രണ്ടര ലക്ഷം രൂപ പിഴയും അടയ്ക്കണം. മൂന്ന് വകുപ്പുകളിലായി 18 വര്‍ഷം ശിക്ഷയാണ് കോടതി വിധിച്ചത്. ഐപിസി 304 പ്രകാരം 10 വര്‍ഷവും, 306 അനുസരിച്ച് ആറുവര്‍ഷവും, 498 അനുസരിച്ച് രണ്ടുവര്‍ഷവുമാണ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. 

വിധി പുറപ്പെടുവിക്കുന്നതിന് മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കിരണിനോട് കോടതി ചോദിച്ചിരുന്നു. വിസ്മയുടേത് ആത്മഹത്യയെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നും കിരണ്‍ ആവശ്യപ്പെട്ടു. താന്‍ കുറ്റം ചെയ്തിട്ടില്ല, നിരപരാധിയാണ്, അച്ഛന് സുഖമില്ല, കുടുംബത്തിന്റെ ചുമതല തനിക്കെന്നും കിരണ്‍ കോടതിയെ അറിയിച്ചു. എന്നാല്‍ പ്രതിയോട് അനുകമ്പ പാടില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. 

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ സ്ത്രീധനം വാങ്ങാന്‍ പാടില്ലെന്ന് ചട്ടമുണ്ട്. വിസ്മയയെ സ്ത്രീധനത്തിനായി പ്രതി നിലത്തിട്ട് ചവിട്ടി. ഇത് സമൂഹം സഹിക്കില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. വിധി പ്രഖ്യാപനം കേള്‍ക്കാന്‍ വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ കോടതിയിലെത്തിയിരുന്നു. അമ്മ സജിത വീട്ടിലെ ടിവിയിലൂടെയാണ് വിധി പ്രഖ്യാപനം കേട്ടത്.കേസില്‍ കിരണ്‍ കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി വിധിച്ചിരുന്നു. കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ കിരണ്‍ കുമാറിന്റെ ജാമ്യം റദ്ദാക്കി ഇയാളെ ജയിലിലേക്ക് മാറ്റിയിരുന്നു. സ്ത്രീധന പീഡനവും ആത്മഹത്യ പ്രേരണയും ഉള്‍പ്പെടെ കിരണിനെതിരെ ചുമത്തിയ പ്രധാന കുറ്റങ്ങളെല്ലാം നില നില്‍ക്കുന്നതാണെന്ന് ചൂണ്ടികാട്ടിയാണ് കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി കിരണ്‍ കുറ്റക്കാരനാണെന്ന വിധി ഇന്നലെ പുറപ്പെടുവിച്ചത്. കിരണിനെതിരെ പൊലീസ് ചുമത്തിയ ഏഴ് കുറ്റങ്ങളില്‍ അഞ്ചും നിലനില്‍ക്കുമെന്ന് കോടതി പറഞ്ഞിരുന്നു. 

ഐപിസി 304 (B),ഗാര്‍ഹിക പീഡനത്തിനെതിരായ 498 (A),ആത്മഹത്യാ പ്രേരണയ്‌ക്കെതിരായ ഐപിസി 306 വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ 3, 4 വകുപ്പുകളുമാണ് കോടതി ശരിവച്ചത്. ഐപിസി 506, 323 വകുപ്പുകള്‍ മാത്രമാണ് തള്ളിക്കളഞ്ഞത്.വിസ്മയ മരിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകും മുമ്പാണ് കേസില്‍ വിധി വന്നിരിക്കുന്നത്. സമൂഹ മനസാക്ഷിയെ തൊട്ടുണര്‍ത്തിയ കേസില്‍ അതിവേഗത്തിലായിരുന്നു കോടതി നടപടികള്‍. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായിരുന്ന ഭര്‍ത്താവ് കിരണ്‍ സ്ത്രീധനത്തിനു വേണ്ടി നടത്തിയ പീഡനങ്ങള്‍ സഹിക്കാനാവാതെ വിസ്മയ ആത്മഹത്യ ചെയ്തു എന്നാണ് പ്രോസിക്യൂഷന്‍ കേസ്. 

2021 ജൂണ്‍ 21 നാണ് ബിഎഎംഎസ് വിദ്യാര്‍ത്ഥിനി വിസ്മയയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 42 സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്. 120 രേഖകളും 12 തൊണ്ടിമുതലുകളും കൂടി പരിശോധിച്ച ശേഷമാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ സുജിത് കേസില്‍ ഇന്നലെ വിധി പറഞ്ഞത്. കേസ് കെട്ടിച്ചമച്ചതാണെന്നും സ്വന്തം അച്ഛനുമായുണ്ടായ പ്രശ്‌നങ്ങളുടെ പേരിലാണ് വിസ്മയ ആത്മഹത്യ ചെയ്തത് എന്നും സമര്‍ഥിക്കാനാണ് പ്രതിഭാഗം കോടതിയില്‍ ശ്രമിച്ചത്. ഭര്‍തൃവീട്ടില്‍ താന്‍ നേരിടുന്ന പീഡനങ്ങളെ കുറിച്ചുള്ള വിസ്മയയുടെ ശബ്ദ സംഭാഷണം ഇതിനിടെ പുറത്തുവന്നു. അച്ഛന്‍ ത്രിവിക്രമന്‍ നായരുമായി നടത്തിയ ഫോണ്‍ സംഭാഷണം കോടതിയില്‍ സുപ്രധാന തെളിവായി പ്രോസിക്യൂഷന്‍ സമര്‍പ്പിച്ചിരുന്നു.

Related News