അതിജീവിത നാളെ സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രിയെ കാണും

  • 25/05/2022

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വാദപ്രതിവാദങ്ങള്‍ നിലനില്‍ക്കെ അതിജീവിത നാളെ മുഖ്യമന്ത്രിയെ കാണും. സെക്രട്ടറിയേറ്റില്‍ വെച്ചാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുക. സര്‍ക്കാരിനെതിരായ പരാതിക്ക് പിന്നില്‍ ദുരൂഹതയുണ്ടെന്ന് ഇടത് നേതാക്കള്‍ ആരോപണം ഉന്നയിക്കുമ്പോഴാണ് നടി നേരിട്ട് മുഖ്യമന്ത്രിയെ കാണുന്നത്. 

പരാതിയില്‍ വെട്ടിലായ സര്‍ക്കാറും കൂടിക്കാഴ്ചക്ക് താല്പര്യമെടുത്തു. അതിനിടെ തുടരന്വേഷണം നീട്ടണമെന്ന ഹര്‍ജിയില്‍ പ്രതിഭാഗത്തിന്റെ ഭാഗം കേള്‍ക്കാതെ തീരുമാനമെടുക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രതിയായ ദിലീപും ഭരണകക്ഷിയിലെ ഉന്നതരും ചേര്‍ന്ന് കേസ് അന്വേഷണം അട്ടിമറിക്കുന്നുവെന്നായിരുന്നു നടിയുടെ ആക്ഷേപം. 

ഇതിനിടെ നടി പരാതിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ തള്ളി. നടിയുടേത് അനാവശ്യ ആശങ്ക മാത്രമാണെന്ന് സര്‍ക്കാര്‍ അഭിഭാ.കന്‍ അറിയിച്ചു. അന്വേഷണം നിലച്ചതോടെ കുറ്റപത്രം നല്‍കുന്നത് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്യണമെന്ന നടിയുടെ ആവശ്യം അംഗീകരിക്കാന്‍ ആകില്ലെന്ന് ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ വ്യക്തമാക്കി. പ്രതിഭാഗം കേസില്‍ കക്ഷിയല്ലാത്തതിനാല്‍ അവരെ കേള്‍ക്കാതെ തീരുമാനമെടുക്കാന്‍ കഴിയില്ലെന്നായിരുന്നു കോടതി നിലപാട്. കേസില്‍ രണ്ട് ദിവസത്തിനകം സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് പറഞ്ഞ കോടതി ഹര്‍ജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി.

Related News