പുതുക്കി നിർമിച്ച ശംഖുമുഖം – എയർപോർട്ട് റോഡും കടലാക്രമണ ഭീഷണിയിൽ

  • 26/05/2022


തിരുവനന്തപുരം: പുതുക്കി നിർമിച്ച ശംഖുമുഖം – എയർപോർട്ട് റോഡും കടലാക്രമണ ഭീഷണിയിൽ. കടലാക്രമണത്തെത്തുടർന്ന് രണ്ടര വർഷം മുൻപു തകർന്ന ശംഖുമുഖം ബീച്ചിനു സമീപത്തെ റോഡ് ശക്തമായ പ്രത്യേക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പുനർന‍ിർമിച്ചത്. ഡയഫ്രം ഭിത്തിയിലേക്കു തിരമാലകൾ നേരിട്ട് അടിക്കാതിരിക്കാൻ കടലിനും ഭിത്തിക്കുമിടയിലെ തീരത്ത് കരിങ്കല്ല് പാകുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയെത്തുടർന്നുള്ള കടലാക്രമണത്തിൽ പല ഭാഗത്തും കരിങ്കൽ ഒഴുകിപ്പോയ നിലയിലാണ്.

ഡയഫ്രം ഭിത്തിയുടെ ചുവട്ടിൽ ഒരു മീറ്ററിലധികം താഴ്ചയിൽ മണ്ണ് നീങ്ങിപ്പോകുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ഡയഫ്രം ഭിത്തിയുടെ അടിത്തറയിലേക്കാണ് നേരിട്ട് തിരയടിക്കുന്നത്. ഇതു മണ്ണൊലിപ്പുണ്ടാക്കി വീണ്ടും റോഡ് അപകടത്തിലാക്കാനിടയുണ്ട്. ഡയഫ്രം ഭിത്തി നിർമിച്ചതിനു പിന്നാലെ കുറച്ചു ഭാഗത്ത് റോഡ് തകർന്നിരുന്നു. റോഡ് ഗതാഗതം പുനഃസ്ഥാപിക്കാൻ നിർമാണം വേഗത്തിലാക്കിയതിനാൽ സാങ്കേതികമായി ബലപ്പെടുത്താൻ കഴിയാത്തതാണ് തകർച്ചയ്ക്കു കാരണമെന്നു മന്ത്രി ആന്റണി രാജു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

സാങ്കേതികമായി ബലപ്പെടുത്തുന്ന ജോലികൾ ഉടൻ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനല‍ിലേക്കുള്ള പ്രധാന പാതയാണിത്. വിനോദ സഞ്ചാരികളെ ആകർഷിച്ചിരുന്ന മനോഹരമായ ബീച്ച് ഇപ്പോഴില്ല. കടൽക്ഷോഭം ശക്തമാകുമ്പോൾ തിരമാലകൾ റോഡിലേക്ക് ഇരച്ചുകയറുന്നതും പതിവാണ്. ശംഖുമുഖം റോഡിനോടുചേർന്ന് വിമാനത്താവളം കൂടി സ്ഥിതി ചെയ്യുന്നതിനാൽ ഈ പ്രദേശത്തിന്റെ സുരക്ഷ വർധിപ്പിക്കേണ്ടത് പ്രധാനമാണ്.

Related News