ജാമ്യഹര്‍ജി പരിഗണിക്കുന്നത് നാളെ; പി.സി ജോര്‍ജ്ജ് ഇന്ന് ജയിലില്‍ തന്നെ

  • 26/05/2022

കൊച്ചി: പി.സി. ജോര്‍ജിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി നാളെത്തേക്ക് മാറ്റി. നാളെ ഉച്ചയ്ക്ക് 1.45ന-ന് ഹര്‍ജി പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. പി.സി. ജോര്‍ജിനെ കസ്റ്റഡിയില്‍ വെച്ചുകൊണ്ട് എന്തു തെളിവുകളാണ് ശേഖരിക്കാനുള്ളതെന്ന് സര്‍ക്കാരിനോട് കോടതി ചോദിച്ചു. പോലീസില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ സമയം വേണമെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി.

അനന്തപുരി വിദ്വേഷ പ്രസംഗ കേസില്‍ ജാമ്യം റദ്ദാക്കിയതുമായി ബന്ധപ്പെട്ട ഹര്‍ജിയും വെണ്ണല വിദ്വേഷ പ്രസംഗ കേസും ഒരുമിച്ചായിരിക്കും നാളെ കോടതി പരിഗണിക്കുക. ജാമ്യം റദ്ദാക്കിയ നടപടിയെ പി.സി ജോര്‍ജിന്റെ അഭിഭാഷകന്‍ കോടതിയില്‍ ചോദ്യംചെയ്തു. പി.സി ജോര്‍ജിനെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നെന്നും ഇത് തെറ്റായ നടപടിയാണെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.തിരുവനന്തപുരത്ത് പ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ കൂടുതല്‍ എന്ത് വിശദീകരണം നല്‍കണമെങ്കിലും പോലീസിന്റെ ഭാഗത്തുനിന്നുള്ള വിവരങ്ങള്‍ ശേഖരിക്കേണ്ടതുണ്ടെന്നും ഇതിന് സമയം ആവശ്യമാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. നിലവില്‍ പി.സി ജോര്‍ജ് റിമാന്‍ഡിലാണെന്നും കസ്റ്റഡിയില്‍ വെച്ചുകൊണ്ട് എന്തു തെളിവാണ് പുതുതായി ശേഖരിക്കാനുള്ളതെന്ന് കോടതി ചോദിച്ചു. ഇക്കാര്യം വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു.

Related News