കരിപ്പൂരിൽ സ്വർണ്ണം കടത്തിയ വിമാന ജീവനക്കാരൻ അറസ്റ്റിൽ, ആറ് തവണ കടത്തിയെന്ന് മൊഴി, പിടിയിലായത് ആറര കോടിയോളം രൂപയുടെ സ്വർണ്ണം

  • 26/05/2022

മലപ്പുറം:  കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വർണ്ണം കടത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ്സ് ജീവനക്കാരൻ സ്വര്‍ണ്ണവുമായി പിടിയിൽ. എയർ ഇന്ത്യ എക്‌സ്പ്രസ്സ്  ജീവനക്കാരനായ ദില്ലി സ്വദേശി ആസാദ് നവനീത് സിംഗാ(28)ണ് കസ്റ്റംസിന്റെ പിടിയിലായത്. 63,56,810 രൂപക്കുള്ള 1.399 കിലോഗ്രാം സ്വർണ്ണ മിശ്രിതവുമായാണ് ഇയാളെ  കസ്റ്റംസ് ഇൻറലിജൻസ് വിഭാഗം പിടികൂടിയത്.

ദുബായിൽ നിന്ന് കരിപ്പൂരിലെത്തിയതായിരുന്നു വിമാനം. ഇതിലെ ക്യാബിൻ ക്രൂ ആണ് ഇയാൾ. ധരിച്ചിരുന്ന  ഷൂസിനുള്ളിൽ രണ്ട് പായ്ക്കറ്റുകളിലായി മിശ്രിത സ്വർണം ഒളിപ്പിച്ചുവച്ചായിരുന്നു ഇയാൾ കരിപ്പൂരിൽ എത്തിയിരുന്നത്. ആറിലധികം തവണ കടത്തിയതായി മൊഴി ലഭിച്ചിട്ടുണ്ട്. ഇയാളെ പറ്റി കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് അധികൃതർ അറിയിച്ചു.

അതേസമയം, കണ്ണൂർ വിമാനത്താവളത്തിൽ രണ്ട് സംഭവങ്ങളിലായി ഇന്ന് 30 ലക്ഷം രൂപ വിലമതിക്കുന്ന 658 ഗ്രാം സ്വർണം പിടികൂടി.  വിമാനത്താവളത്തിനുള്ളിലെ ബാത്റൂമിൽ ഉപേക്ഷിച്ച നിലയിലാണ് 268 ഗ്രാം സ്വർണ്ണം കണ്ടെത്തിയത്. കർണാടകയിലെ ഭട്കൽ സ്വദേശി  മുഹമ്മദ് ഡാനിഷിൽ നിന്നുമാണ് ശേഷിച്ച സ്വർണം പിടികൂടിയത്. ഡിആർഐയും കസ്റ്റംസും നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.

Related News