ബണ്ണിൽ ക്രീം കുറവ്, ചായ കുടിക്കാനെത്തിയവർ ബേക്കറി ഉടമയെ മർദ്ദിച്ചു, പരാതി

  • 26/05/2022

കോട്ടയം: ചായ കുടിക്കാനെത്തിയപ്പോൾ വാങ്ങിയ ക്രീം ബന്നിൽ ക്രീം കുറവാണെന്ന് ആരോപിച്ച് കടക്കാരനെ മർദ്ദിച്ചതായി പരാതി. ചായ കുടിക്കാനെത്തിയ സംഘം ബേക്കറി ഉടമയെയും കുടുംബത്തെയും മർദിച്ചതായാണ്  പരാതി. വൈക്കം സർക്കാർ ആശുപത്രിക്ക് സമീപത്തെ ബേക്കറിയിലാണ് സംഭവം. മർദനത്തിൽ പരിക്കേറ്റ ബേക്കറി ഉടമയും ഭാര്യയും രണ്ട് മക്കളും ആശുപത്രിയിൽ ചികിത്സ തേടി.

ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു ആറംഗ സംഘം ശിവകുമാറിൻ്റെ ബേക്കറിയിൽ ചായ കുടിക്കാനെത്തിയത്. ചായക്കൊപ്പം ക്രീം ബണ്ണും ഓർഡർ ചെയ്തു. സംഘത്തിലൊരാൾ ബണ്ണിൽ ക്രീം കുറവാണെന്ന് പറഞ്ഞ് അസഭ്യം പറഞ്ഞു. ഇത് ചോദ്യം ചെയ്തതോടെ സംഘർഷത്തിലേക്ക് നയിച്ചു.

വാക്കുതർക്കത്തിൽ തുടങ്ങി പിന്നെ കയ്യാങ്കളിയിലേക്ക് നീങ്ങി.  ശിവകുമാറിനെ ആക്രമിക്കുന്നത് തടയാനെത്തിയപ്പോഴാണ് ഭാര്യ കവിതക്കും മക്കളായ കാശിനാഥനും സിദ്ധി വിനായകനും മർദനമേറ്റതെന്നാണ് പരാതി. കടയിൽ എത്തിയ 95 വയസുകാരൻ വേലായുധനും  സംഘർഷത്തിൽ പരിക്കേറ്റു. കടയിലും കാര്യമായ നാശനഷ്ടങ്ങളുണ്ടായി. അതേസമയം, കടയുടമയും മകനും ചേർന്ന് ആക്രമിച്ചെന്ന പരാതിയുമായി ആരോപണ വിധേയരായ പാലാംകടവ് സ്വദേശികളും പൊലീസിൽ പരാതി നൽകി. 

Related News