മുന്‍ എം.പിമാരുടെ പെന്‍ഷന്‍ വ്യവസ്ഥ കടുപ്പിച്ച് കേന്ദ്രം

  • 28/05/2022

ന്യൂഡെല്‍ഹി: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുടെ പ്രതിഫലം പറ്റുന്ന മുന്‍ എം.പിമാര്‍ക്ക് ഇനി പെന്‍ഷന്‍ ലഭിക്കില്ല. പദവികള്‍ വഹിക്കുന്നില്ലെന്നും പ്രതിഫലം വാങ്ങുന്നില്ലെന്നും പെന്‍ഷന്റെ അപേക്ഷ ഫോമിനൊപ്പം വ്യക്തമാക്കണം. പുതിയ വ്യവസ്ഥകള്‍ അടങ്ങിയ വിജ്ഞാപനം പുറത്തിറക്കി.

മുന്‍ എംപിമാര്‍ക്ക് മറ്റു ജനപ്രതിനിധികളുടെ പദവിയോ, സര്‍ക്കാര്‍ പദവികള്‍ വഹിച്ച് അതിന്റെ ശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റി ഒപ്പം എംപി പെന്‍ഷനും വാങ്ങാന്‍ ഇനി കഴിയില്ല. പാര്‍ലമെന്റിന്റെ സംയുക്ത സമിതി കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തിയശേഷം ലോക്‌സഭാ സ്പീക്കറുടെയും ഉപരാഷ്ട്രപതിയുടെയും അനുമതിയോടെയാണ് പുതിയ നിര്‍ദേശം പുറത്തിറക്കിയത്. മുന്‍ എംപിമാര്‍ക്ക് പെന്‍ഷനായി രാജ്യസഭയിലെയോ, ലോക്‌സഭയിലെയോ സെക്രട്ടറി ജനറല്‍മാര്‍ക്ക് അപേക്ഷ നല്‍കേണ്ടത്. വ്യക്തി വിവരങ്ങള്‍, എംപിയായിരുന്ന കാലയളവ് എന്നിവ നല്‍കിയ ശേഷമാണ് മറ്റു പദവികള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കേണ്ടത്.

രാഷ്ട്രപതി, ഉപരാഷ്ട്രപതിയോ, ഗവര്‍ണറോ ആകരുത്. നിലവില്‍ രാജ്യസഭാ, ലോക്‌സഭാ എംപിയോ, നിയസഭാംഗമോ, ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമോ ആകരുത്. കേന്ദ്രസര്‍ക്കാരിന്റെയോ, സംസ്ഥാനസര്‍ക്കാരിന്റെയോ, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലെ കോര്‍പ്പറേഷനുകളുടെയോ ശമ്പളം വാങ്ങുന്ന ജീവനക്കാരനാകരുത്. സര്‍ക്കാരുകളുടെയോ, കോര്‍പ്പറേഷനുകളുടെയോ, തദ്ദേശസ്ഥാപനങ്ങളുടെയോ പ്രതിഫലം കൈപ്പറ്റരുത്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കണം. മുന്‍ എംപിക്ക് ആദ്യ ടേമിന് 25,000 രൂപയും പിന്നീടുള്ള ഓരോ വര്‍ഷത്തിനും 2,000 രൂപ വീതവുമാണ് പ്രതിമാസ പെന്‍ഷന്‍.

Related News