വിവാഹ വാർഷിക ദിനത്തിൽ ഭാര്യയേയും മക്കളേയും വെട്ടിക്കൊന്ന ശേഷം യുവാവ് ജീവനൊടുക്കി

  • 28/05/2022

ചെന്നൈ: വിവാഹ വാർഷിക ദിനത്തിൽ ഭാര്യയേയും മക്കളേയും വെട്ടിക്കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ചെന്നൈ പല്ലാവരം പൊഴിച്ചല്ലൂരിലാണ് സംഭവം. ഐടി കമ്പനിക്കാരനായ പ്രകാശാണ് ഭാര്യ ഗായത്രി, മക്കളായ നിത്യശ്രീ, ഹരികൃഷ്ണൻ എന്നിവരെ കഴുത്തറുത്ത് കൊന്നതിന് ശേഷം ജീവനൊടുക്കിയത്. കടബാധ്യതയാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

ഓൺലൈൻ വഴി വാങ്ങിയ ഇലക്ട്രിക് വാൾ ഉപയോഗിച്ചായിരുന്നു കൊലയും ആത്മഹത്യയും. പ്രകാശിന്‍റേയും ഗായത്രിയുടേയും വിവാഹ വാർഷിക ദിനത്തിൽ തന്നെയായിരുന്നു ദാരുണമായ കൊലപാതകങ്ങളും ആത്മഹത്യയും. വിവാഹ വാർഷിക ആഘോഷങ്ങൾക്ക് ശേഷം ഇന്ന് പുലർച്ചെയാണ് ക്രൂരകൃത്യം നടന്നത്. ഈ മാസം 19ന് പ്രകാശ് ഓൺലൈൻ വഴി ഒരു പവർ സോ വാങ്ങിയിരുന്നു. ഇതുപയോഗിച്ചാണ് കൃത്യം നടത്തിയത്. കൊലപാതകങ്ങൾക്ക് ശേഷം പ്രകാശും സ്വയം കഴുത്തറുക്കുകയായിരുന്നു. മരണത്തിന് ആരും ഉത്തരവാദികളല്ലെന്ന് കടലാസിൽ എഴുതി വാതിലിൽ പതിച്ചിരുന്നു. ഇത്രയും ദിവസം മുമ്പേ വാൾ വാങ്ങി സൂക്ഷിച്ചതുകൊണ്ട് മുൻകൂട്ടി ആസൂത്രണം നടന്നതായി പോലീസ് സംശയിക്കുന്നു.

വീട്ടിലെത്തിയ പ്രകാശിന്റെ അച്ഛനാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന മൃതദേഹങ്ങൾ കണ്ടത്. എല്ലാവരുടെയും മൃതദേഹങ്ങള്‍ ഒരേ മുറിയിൽ തന്നെ ആയിരുന്നു. പെട്ടെന്നുണ്ടായ പ്രകോപനത്തിൽ വാങ്ങി വച്ച ഇലക്ട്രിക് വാൾ എടുത്ത് ഉപയോഗിച്ചതാണോ എന്നും അന്വേഷിക്കുന്നുണ്ട്.

Related News