വിദ്വേഷ മുദ്രാവാക്യത്തില്‍ കുട്ടിയെ കൗണ്‍സിലിംഗിന് വിധേയനാക്കി

  • 29/05/2022

ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടയില്‍ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവത്തില്‍ കുട്ടിയെ കൗണ്‍സിലിംഗിന് വിധേയനാക്കി. ചൈല്‍ഡ് ലൈന്‍ സഹായത്തോടെ എറണാകുളം ജനറല്‍ ആശുപത്രിയിലാണ് കുട്ടിയെ കൗണ്‍സിലിംഗിന് വിധേയനാക്കിയത്. ആവശ്യമെങ്കില്‍ തുടര്‍ കൗണ്‍സിലിംഗ് നല്‍കുമെന്ന് ചൈല്‍ഡ് ലൈന്‍ അറിയിച്ചു. മാതാപിതാക്കള്‍ക്കും കൗണ്‍സിലിംഗ് നല്‍കുന്നത് പരിഗണനയിലാണെന്ന് അധികൃതര്‍ വ്യക്തമാക്കി. 

മുദ്രാവാക്യം ആരും പഠിപ്പിച്ചതല്ലെന്നും പരിപാടികളില്‍ പങ്കെടുത്തപ്പോള്‍ കേട്ട് പഠിച്ചതാണെന്നുമാണ് പത്ത് വയസുകാരന്‍ പറഞ്ഞിരുന്നത്.വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവത്തില്‍ കുട്ടിയുടെ പിതാവ് അടക്കം നാല് പേരുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. ആലപ്പുഴ സൗത്ത് പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുട്ടിയുടെ പിതാവ് അഷ്‌കര്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പള്ളുരുത്തി ഡിവിഷന്‍ ഭാരവാഹികളായ ഷമീര്‍, സുധീര്‍, മരട് ഡിവിഷന്‍ സെക്രട്ടറി നിയാസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. 

കൊച്ചി തോപ്പുംപടി പള്ളുരുത്തിയിലെ വീട്ടിലെത്തിയാണ് വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കുട്ടിയുടെ പിതാവ് അസ്‌ക്കര്‍ മുസാഫറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പത്ത് വയസുകാരനും രക്ഷിതാക്കളും ഇന്ന് രാവിലെയാണ് പള്ളുരുത്തിയിലെ വീട്ടില്‍ എത്തിയത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടും പത്ത് വയസുകാരനിലേക്ക് എത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. വീട്ടിലെത്തിയ ഉടന്‍ അസ്‌ക്കര്‍ മുസാഫിര്‍ മാധ്യമങ്ങളെ കണ്ട് സംസാരിച്ചിരുന്നു.

Related News