തൃക്കാക്കരയില്‍ കൊട്ടിക്കലാശം ഇന്ന്

  • 29/05/2022

കൊച്ചി: ആവേശപ്പോരാട്ടത്തിന് വഴിതെളിച്ച തൃക്കാക്കരയിലെ ഒരുമാസത്തോളം നീണ്ട പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് കൊട്ടിക്കലാശത്തോടെ പരിസമാപ്തി. ഞായറാഴ്ച ആറുമണി കഴിഞ്ഞാല്‍ തൃക്കാക്കരയില്‍ പുറമേനിന്നുവന്ന് ക്യാമ്പ് ചെയ്തിരിക്കുന്ന നേതാക്കളെല്ലാം മണ്ഡലം വിടണം. ഇത് തിരഞ്ഞെടുപ്പ് ഓഫീസര്‍ ഉറപ്പുവരുത്തും. ആരെങ്കിലും തങ്ങുന്നുണ്ടോ എന്ന് പോലീസ് പരിശോധിക്കും. രാഷ്ട്രീയപ്രവര്‍ത്തകര്‍ തങ്ങുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഹോട്ടലുകളില്‍ താമസിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കും. മണ്ഡലത്തിലേക്കു വരുന്ന വാഹനങ്ങള്‍ പോലീസ് പരിശോധിക്കും.

മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളിയാഴ്ച പൊതുയോഗങ്ങളില്‍ പങ്കെടുത്തശേഷം തിരഞ്ഞെടുപ്പ് പ്രചാരണരംഗത്തുനിന്ന് പിന്‍വാങ്ങി. മന്ത്രിമാരുടെ സംഘം ശനിയാഴ്ചയും മണ്ഡലത്തില്‍ത്തന്നെ ഉണ്ടായിരുന്നു.യു.ഡി.എഫ്. ക്യാമ്പില്‍ വെള്ളിയാഴ്ചയുണ്ടായിരുന്ന എ.കെ.ആന്റണി മടങ്ങി. മറ്റു മുതിര്‍ന്ന നേതാക്കളെല്ലാം മണ്ഡലത്തില്‍ ക്യാമ്പ് ചെയ്യുകയാണ്. ശനിയാഴ്ച പ്രചാരണത്തിനായി ജിഗ്നേഷ് മേവാനിയെ കെ.പി.സി.സി. രംഗത്തിറക്കി.

എന്‍.ഡി.എ. ക്യാമ്പിലേക്ക് കേന്ദ്രമന്ത്രി വി. മുരളീധരനും സുരേഷ് ഗോപിയും ശനിയാഴ്ച എത്തി. വിവിധ സ്ഥലങ്ങളിലെ യോഗങ്ങളില്‍ അവര്‍ പങ്കെടുത്തു.പ്രചാരണം തീരുന്ന ഞായറാഴ്ച പ്രവര്‍ത്തകര്‍ക്ക് വലിയ തിരക്കാണ്. സ്ലിപ്പുകള്‍ നല്‍കാനും അവസാനവട്ട അഭ്യര്‍ഥനകള്‍ വീട്ടിലെത്തിക്കാനുമെല്ലാം കിട്ടുന്ന ദിവസംകൂടിയാണിത്. ഉച്ചവരെ വീടുകയറാനാണ് മുന്നണികള്‍ പദ്ധതിയിട്ടിരിക്കുന്നത്. ഉച്ചയ്ക്കുശേഷം കലാശക്കൊട്ടിനായി മാറ്റിവെച്ചിരിക്കുകയാണ്.

യു.ഡി.എഫ്. സ്ഥാനാര്‍ഥി ഉമാ തോമസ് കാക്കനാട് എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സിനടുത്തുനിന്ന് ബൈക്ക് റാലിയുടെ അകമ്പടിയോടെ പാലാരിവട്ടം ജങ്ഷനില്‍ കൊട്ടിക്കലാശം നടത്തും. എല്‍.ഡി.എഫ്. അതത് ലോക്കല്‍ കമ്മിറ്റികള്‍ക്കു കീഴില്‍ സമാപനം ആഘോഷമാക്കും. സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിന്റെ പര്യടനം ഞായറാഴ്ച രാവിലെ കാക്കനാട് ഓപ്പണ്‍ സ്റ്റേജില്‍നിന്ന് തുടങ്ങി പാലാരിവട്ടത്ത് സമാപിക്കും.

Related News