കല്‍ക്കരി ഇറക്കുമതി ചെയ്യാനൊരുങ്ങി കേന്ദ്രം

  • 29/05/2022

ന്യൂഡല്‍ഹി: പ്രതിസന്ധി ഒഴിവാക്കാന്‍ കല്‍ക്കരി ഇറക്കുമതിക്കൊരുങ്ങി കോള്‍ ഇന്ത്യ ലിമിറ്റഡ്. 2015-നു ശേഷം ഇതാദ്യമായാണ് കോള്‍ ഇന്ത്യ കല്‍ക്കരി ഇറക്കുമതി ചെയ്യുന്നത്. സമാനസാഹചര്യം ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇത്. രാജ്യത്തെ ഊര്‍ജോല്‍പാദക സ്ഥാപനങ്ങള്‍ക്കു വേണ്ടിയാണ് കോള്‍ ഇന്ത്യയുടെ നീക്കം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കോള്‍ ഇന്ത്യ, ലോകത്തെ തന്നെ ഏറ്റവും വലിയ കല്‍ക്കരി ഖനന-സംസ്‌കരണ സ്ഥാപനമാണ്.

താപവൈദ്യുത നിലയങ്ങള്‍, സംസ്ഥാനങ്ങള്‍, ഇന്‍ഡിപെന്‍ഡന്റ് പവര്‍ പ്രൊഡ്യൂസേഴ്സ് (ഐ.പി.പി.) തുടങ്ങിവയ്ക്ക് കോള്‍ ബ്ലെന്‍ഡിങ്ങിന് ആവശ്യമായ കല്‍ക്കരി, കോള്‍ ഇന്ത്യ ഇറക്കുമതി ചെയ്യുമെന്ന് ഊര്‍ജ മന്ത്രാലയത്തിന്റെ മേയ് 28-നുള്ള കത്തില്‍ വ്യക്തമാക്കുന്നു. കേന്ദ്രത്തിലെയും സംസ്ഥാനത്തേയും ഊര്‍ജവകുപ്പുമായി ബന്ധപ്പെട്ട ഉന്നത ഉേദ്യാഗസ്ഥര്‍ക്കും കോള്‍ ഇന്ത്യയുടെ സെക്രട്ടറിക്കും ചെയര്‍മാനും ഊര്‍ജവകുപ്പ് ഈ കത്ത് അയച്ചിട്ടുണ്ട്. 2022-ന്റെ മൂന്നാംപാദത്തില്‍ വലിയതോതിലുള്ള കല്‍ക്കരിക്ഷാമം രാജ്യം നേരിട്ടേക്കുമെന്നാണ് കരുതപ്പെടുന്നത്.ഏറെക്കുറേ എല്ലാ സംസ്ഥാനങ്ങളുടെയും അഭ്യര്‍ഥന മാനിച്ചാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നും ഊര്‍ജ മന്ത്രാലയം കത്തില്‍ വ്യക്തമാക്കുന്നു. കാരണം, കല്‍ക്കരി ഇറക്കുമതിക്ക് വിവിധ സംസ്ഥാനങ്ങള്‍ ടെന്‍ഡറുകള്‍ നല്‍കുമ്പോള്‍ അത് പലവിധത്തിലുള്ള ആശയക്കുഴപ്പങ്ങള്‍ക്ക് അത് വഴിവെക്കുന്നുണ്ട്. അതേസമയം കോള്‍ ഇന്ത്യ വഴി കേന്ദ്രീകൃത മാര്‍ഗത്തില്‍ സംഭരണം നടത്തുമ്പോള്‍ ഇത്തരം ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കാനാകും എന്നതിനാലാണ് ഇത്. ഊര്‍ജോല്‍പാദക സ്ഥാപനങ്ങളോട് കല്‍ക്കരി ഇറക്കുമതി വര്‍ധിപ്പിക്കാന്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്ത ടെന്‍ഡറുകള്‍ തത്കാലത്തേക്ക് മരവിപ്പിക്കാന്‍, ഊര്‍ജവകുപ്പ് ശനിയാഴ്ച സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Related News