തൃക്കാക്കരയില്‍ സി.പി.എം തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് വി.ഡി സതീശന്‍

  • 29/05/2022

കൊച്ചി: സി.പി.എം ഏതുവിധേനയും തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തൃക്കാക്കരയില്‍ എത്തിയ മന്ത്രിമാരും നേതാക്കളും ഭരണസംവിധാനത്തെ ദുരുപയോഗപ്പെടുത്തി. നിരവധി കാര്യങ്ങളില്‍ തീരുമാനം എടുത്ത് വോട്ട് പിടിക്കാന്‍ പറ്റുമോയെന്നാണ് മന്ത്രിമാര്‍ നോക്കുന്നത്. സ്ഥലത്തില്ലാത്തവരുടെയും മരിച്ചവരുടേയും ഉള്‍പ്പെടെ കള്ളവോട്ട് ചെയ്യാനുള്ള സി.പി.എം. ശ്രമം അനുവദിക്കില്ല. ഇത്തരം വോട്ടുകള്‍ രേഖപ്പെടുത്തിയ പട്ടിക യു.ഡി.എഫ്. പ്രിസൈഡിങ് ഓഫീസര്‍ക്ക് കൈമാറും. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കത്തെ പ്രതിരോധിക്കും. ഉമാ തോമസ് പി.ടി. തോമസ് നേടിയതിനോക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ ജയിക്കും. ആര്‍ക്കാണ് വോട്ട് ചെയ്യേണ്ടതെന്ന് തൃക്കാരയിലെ വോട്ടര്‍മാര്‍ തീരുമാനമെടുത്ത് കഴിഞ്ഞെന്നും സതീശന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കേരളം കണ്ട ഏറ്റവും മോശം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണെന്ന് പി.സി.ജോര്‍ജ് പറഞ്ഞത് തനിക്ക് കിട്ടിയ ഏറ്റവും വലിയ ബഹുമതിയായി കാണുന്നെന്നും സതീശന്‍ പറഞ്ഞു. പി.സി.ജോര്‍ജിന്റെ നാവില്‍നിന്ന് എന്നെ കുറിച്ച് നല്ലതൊന്നും വരല്ലേ എന്നാണ് പ്രാര്‍ഥന. ജോര്‍ജ് സി.പി.എമ്മുമായി ധാരണയിലാണ്. ജോര്‍ജിനെ ജയിലില്‍ ആക്കിയത് സര്‍ക്കാരല്ല, കോടതിയാണ്. എന്നിട്ടും അറസ്റ്റിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുകയാണ്. ബി.ജെ.പി - സി.പി.എം- പി.സി ജോര്‍ജ് അച്ചുതണ്ട് തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പി.സി. ജോര്‍ജിന്റെ മകനും ഒരു പ്രമുഖ സി.പി.എം നേതാവിന്റെ മകനും ചേര്‍ന്ന് കൊച്ചിയില്‍ തുടങ്ങിയ വക്കീല്‍ ഓഫീസില്‍ വച്ചാണ് സി.പി.എം.- ബി.ജെ.പി. നേതാക്കള്‍ ഗൂഢാലോചന നടത്തുന്നത്. വര്‍ഗീയതയ്ക്ക് പിന്നാലെ പോകുന്നവരല്ല തൃക്കാക്കരയിലെ വോട്ടര്‍മാര്‍. എല്ലാ മതവിഭാഗങ്ങളുമായും യു.ഡി.എഫ് സൗഹാര്‍ദ്ദത്തിലാണ്. അതേസമയം വര്‍ഗീയത പറയുന്ന ന്യൂനപക്ഷ- ഭൂരിപക്ഷ വര്‍ഗീയ ശക്തികളെ എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related News