ഭിന്നശേഷിക്കാരനായ കുട്ടിയെ വിമാനത്തില്‍ കയറ്റാതിരുന്ന സംഭവം; ഇന്‍ഡിഗോയ്ക്ക് അഞ്ചു ലക്ഷം രൂപ പിഴ

  • 29/05/2022

ന്യൂഡല്‍ഹി: ഭിന്നശേഷിക്കാരനായ കുട്ടിയെ വിമാനത്തില്‍ കയറ്റാതിരുന്ന സംഭവത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന് അഞ്ചു ലക്ഷം രൂപ പിഴ. വ്യോമയാന ഡയറക്ടര്‍ ജനറല്‍ (ഡിജിസിഎ) ആണ് പിഴ വിധിച്ചത്. വേണ്ടത്ര ശ്രദ്ധയോടെയല്ല കുട്ടിയെ ഗ്രൗണ്ട് സ്റ്റാഫ് കൈകാര്യം ചെയ്തതെന്ന് ഡിജിസിഎ ചൂണ്ടിക്കാട്ടി.

മെയ് ഏഴിന് റാഞ്ചി വിമാനത്താവളത്തിലാണ് സംഭവം ഉണ്ടായത്. ഇന്‍ഡിഗോ വിമാനത്തില്‍ കയറുന്നതില്‍ നിന്ന് കുട്ടിയെ തടയുകയായിരുന്നു. കുട്ടിയെ കയറ്റാതിരുന്നതോടെ കൂടെയുണ്ടായിരുന്ന മാതാപിതാക്കളും യാത്ര വേണ്ടെന്നുവച്ചിരുന്നു. ഈ സംഭവം വിവാദമായതോടെ ഡിജിസിഎ അന്വേഷണത്തിന് മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. സമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

ഭിന്നശേഷിക്കാരനായ കുട്ടിയെ വിമാനത്തില്‍ കയറ്റാതിരുന്ന സംഭവത്തില്‍ ഇന്‍ഡിഗോ നേരത്തെ ഖേദം പ്രകടിപ്പിച്ചിരുന്നു. കുട്ടി പരിഭ്രാന്തനായിരുന്നു എന്നു പറഞ്ഞാണ് വിമാനത്തില്‍ കയറ്റാന്‍ ജീവനക്കാര്‍ വിസമ്മതിച്ചത്. വിഷയത്തെക്കുറിച്ച് അന്വേഷണം നടത്തിയതായി ഇന്‍ഡിഗോ സിഇഒ പറഞ്ഞു.

Related News