ഇനി പറയുന്ന സമയത്ത് ഹാജരായിക്കൊള്ളാമെന്ന് പി.സി ജോര്‍ജ്ജ്; പോലീസിന് കത്തയച്ചു

  • 30/05/2022

കൊച്ചി: ചോദ്യം ചെയ്യലിന് താന്‍ എപ്പോള്‍ വേണമെങ്കിലും ഹാജരാകാന്‍ തയ്യാറെന്ന് പി.സി.ജോര്‍ജ് . ഫോര്‍ട്ട് പൊലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ക്കാണ് കത്തയച്ചത്. പൊലീസ് നിര്‍ദേശിക്കുന്ന സമയത്ത് ഹാജരാകാമെന്ന് കത്തില്‍ വ്യക്തമാക്കി.അതേസമയം, ചോദ്യം ചെയ്യലിന് ഹാജരാകാതെ തൃക്കാക്കരയില്‍ പോയത് ജാമ്യ ഉപാധികളുടെ ലംഘനമാണോ എന്നതില്‍ പൊലീസ് നിയമോപദേശം തേടിയതിന് പിന്നാലെയാണ് ജോര്‍ജിന്റെ തീരുമാനം.

ചോദ്യം ചെയ്യലിന് തിരുവനന്തപുരത്ത് എത്താനുള്ള പൊലീസിന്റെ നിര്‍ദേശം തള്ളിയാണ് ജോര്‍ജ് ഇന്നലെ തൃക്കാക്കരയിലെത്തിയത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ചോദ്യം ചെയ്യലില്‍നിന്ന് പിസി ജോര്‍ജ്ജ് ഒഴിവായത്. പകരം, ചൊവ്വ ,ബുധന്‍ ദിവസങ്ങളില്‍ എത്താന്‍ തയാറാണന്നും പൊലീസിനെ അറിയിച്ചിരുന്നു.

എന്നാല്‍ ജോര്‍ജിന് സൗകര്യമുള്ള ദിവസത്തേക്ക് ചോദ്യം ചെയ്യല്‍ മാറ്റേണ്ടതില്ലെന്നാണ് പൊലീസിന്റെ തീരുമാനം. പകരം ഇന്നലെ ചോദ്യം ചെയ്യലിന് വരാതിരുന്നത് ജാമ്യ ഉപാധി ലംഘനമാണോയെന്ന് പരിശോധിക്കും. അത് കോടതിയെ അറിയിച്ചിട്ടാവും തുടര്‍നടപടി നിശ്ചയിക്കുക.

പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതില്‍ ജോര്‍ജിന് വിലക്കില്ല. പക്ഷെ അന്വേഷണവുമായി സഹകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. അതിനാല്‍ ചോദ്യം ചെയ്യല്‍ ഒഴിവാക്കി പൊതുപരിപാടിക്ക് പോയതിലെ നിയമ ലംഘനമാണ് പൊലീസ് ആയുധമാക്കാന്‍ ശ്രമിക്കുന്നത്. കൂടാതെ വിദ്വേഷ പ്രസംഗത്തെ ന്യായീകരിച്ചതും പരിശോധിക്കും. ശബ്ദ സാംപിള്‍ പരിശോധന വീടിന് അടുത്തേക്ക് മാറ്റണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടിരുന്നു. അത് സാധ്യമല്ല തിരുവനന്തപുരത്ത് തന്നെ ശബ്ദപരിശോധന നടത്തണം എന്നുമാണ് പൊലീസ് നിലപാട്.


Related News