യാത്രമാറ്റിവെച്ചതായി വിജയ് ബാബു കോടതിയില്‍

  • 30/05/2022

കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടന്‍ വിജയ് ബാബു ഇന്ന് നാട്ടില്‍ എത്തില്ല. തന്റെ യാത്ര മാറ്റിവെച്ചതായി വിജയ് ബാബു കോടതിയെ അറിയിച്ചു. കേസില്‍ നടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കവെയാണ് നാട്ടിലെത്താന്‍ സാധിക്കില്ല എന്ന് വിജയ് ബാബു കോടതിയെ അറിയിച്ചിരിക്കുന്നത്.

വിദേശത്ത് തന്നെ തുടരുന്ന വിജയ് ബാബു നാട്ടിലെത്താതെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനാവില്ലെന്ന് നേരത്തെ കോടതി വാക്കാല്‍ പരാമര്‍ശിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നായിരുന്നു വിജയ് ബാബുവിന്റെ ആവശ്യം.

വിജയ് ബാബു ഇന്ന് കൊച്ചിയിലെത്തുമെന്നാണ് നേരത്തെ വ്യക്തമാക്കിയിരുന്നത്. യാത്ര മാറ്റിയതായി വിജയ് ബാബുവിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിക്കും. വിമാനത്താവളത്തില്‍ നിന്നുതന്നെ അറസ്റ്റ് ചെയ്യപ്പെടാനുള്ള സാഹചര്യം കണക്കിലെടുത്താണ് വിജയ് ബാബുവിന്റെ നീക്കം.

നിയമത്തിന്റെ കണ്ണില്‍ നിന്ന് ഒളിച്ചോടിയ ആളാണ് വിജയ് ബാബു എന്നും അറസ്റ്റ് അനിവാര്യമാണെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുള്ളത്. വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് പരാതിക്കാരിയും കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ഉഭയസമ്മത പ്രകാരമാണ് പരാതിക്കാരിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നാണ് വിജയ് ബാബു കോടതിയില്‍ അറിയിച്ചത്. നടിയുമായുളള വാട്സ്ആപ് ചാറ്റുകളുടെ പകര്‍പ്പുകളും വിജയ് ബാബു കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

Related News