രാജ്യത്ത് ജനസംഖ്യാനിയന്ത്രണത്തിനായി ഉടന്‍ നിയമം രൂപീകരിക്കുമെന്ന് കേന്ദ്രമന്ത്രി

  • 31/05/2022

ന്യൂഡെല്‍ഹി:  രാജ്യത്ത് ജനസംഖ്യാ നിയന്ത്രണത്തിനായി പുതിയ നിയമം കൊണ്ടുവരുമെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി പ്രഹ്ളാദ് സിങ്ങ് പട്ടേല്‍. മോദി സര്‍ക്കാരിന്റെ എട്ടാം വാര്‍ഷികത്തിന്റെ ഭാഗമായി റായ്പൂരില്‍ നടന്ന് ഗരീബ് കല്യാണ്‍ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയപ്പോളായിരുന്നു മന്ത്രിയുടെ പ്രതികരണമുണ്ടായത്. പുതിയ നിയമം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് നിയമം ഉടന്‍ കൊണ്ടുവരമെന്നും പല ശക്തമായ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടല്ലോ ഇനിയുള്ളതും അങ്ങനെ തന്നെയായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതാദ്യമായാണ് ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച് ഒരു കേന്ദ്രമന്ത്രിയുടെ ഭാഗത്ത് നിന്നും പ്രസ്താവനയുണ്ടായിരിക്കുന്നത്. 

ജനസംഖ്യയില്‍ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ പത്ത് വര്‍ഷം കൊണ്ട് ചൈനയെ മറികടക്കാന്‍ സാധ്യതയുണ്ടെന്നാണ് കരുതുന്നത്. ജനസംഖ്യാ വര്‍ധനവ് വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ താഴെത്തട്ടില്‍ എത്തിക്കുന്നതിനെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും വിലയിരുത്തലുണ്ടായിരുന്നു. 

ഛത്തീസ്ഗഡ് കോണ്‍ഗ്രസിനെതിരേയും മന്ത്രി രൂക്ഷവിമര്‍ശനമാണ് നടത്തിയത്. കേന്ദ്രത്തിന്റെ വിവിധ പദ്ധതികള്‍ നടത്തുന്നതില്‍ വീഴ്ച വരുത്തിയെന്ന ആരോപണം ഉന്നയിച്ചായിരുന്നു മന്ത്രിയുടെ വിമര്‍ശനം. പദ്ധതി നടത്തിപ്പില്‍ സംസ്ഥാന സര്‍ക്കാര്‍ വളരെ പിന്നിലാണെന്ന് അദ്ദേഹം ആരോപിച്ചു.അതേസമയം എന്‍ഡിഎ സര്‍ക്കാരിനെ വാനോളം പുകഴ്ത്താനും അദ്ദേഹം മറന്നില്ല. മികച്ച സേവനം, നല്ല ഭരണം, സാധാരണക്കാരുടെ ഉന്നമനം ഇവയെല്ലാം മോദി സര്‍ക്കാരിന്റെ എട്ടു വര്‍ഷത്തെ ഭരണമികവിന്റെ പ്രതീകമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News