പ്രശസ്ത മലയാളി ബോളിവുഡ് ഗായകന്‍ കെ.കെ അന്തരിച്ചു

  • 31/05/2022

കൊല്‍ക്കത്ത: പ്രശസ്ത ബോളിവുഡ് ഗായകനും മലയാളിയുമായ കെ.കെ എന്ന കൃഷ്ണകുമാര്‍ കുന്നത്ത് അന്തരിച്ചു.  കൊല്‍ക്കത്തയിലെ നസ്റുല്‍ മഞ്ച ഓഡിറ്റോറിയത്തിലെ സംഗീത പരിപാടിക്ക് ശേഷം 53 കാരനായ കെ.കെ താമസിച്ചിരുന്ന ഹോട്ടലിന്റെ ഗോവണിപ്പടിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. തെക്കന്‍ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയ അദ്ദേഹത്തെ ഡോക്ടര്‍മാര്‍ മരിച്ചതായി സ്ഥിരീകരിച്ചു. 

കൊല്‍ക്കത്തയില്‍ അദ്ദേഹത്തിന് രണ്ട് ഷോകള്‍ ഉണ്ടായിരുന്നു. 'ഞങ്ങള്‍ക്ക് അദ്ദേഹത്തെ ചികിത്സിക്കാന്‍ കഴിയാത്തത് നിര്‍ഭാഗ്യകരമാണ്,' ആശുപത്രിയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു.അദ്ദേഹത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം നാളെ നടക്കും, ഹൃദയാഘാതമാണ് മരണകാരണം എന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്.

അദ്ദേഹത്തിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജില്‍ 10 മണിക്കൂര്‍ മുമ്പ് കൊല്‍ക്കത്ത ഓഡിറ്റോറിയത്തില്‍ നടന്ന സംഗീത പരിപാടിയുടെ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.1990-കളുടെ അവസാനത്തില്‍ കൗമാരക്കാര്‍ക്കിടയില്‍ വലിയ ഹിറ്റായി മാറിയ 'പാല്‍', 'യാരോന്‍' തുടങ്ങിയ ഗാനങ്ങള്‍ക്ക് ശബ്ദം നല്‍കിയത് കെ.കെയാണ്.1999-ലെ അദ്ദേഹത്തിന്റെ ആദ്യ ആല്‍ബം പാല്‍ നിരൂപക പ്രശംസ നേടിയിരുന്നു. 2000-കളുടെ തുടക്കം മുതല്‍, അദ്ദേഹം പിന്നണി ഗാനരംഗത്ത് സജീവമായിരുന്നു. ബോളിവുഡ് സിനിമകള്‍ക്കായി നിരവധി ജനപ്രിയ ഗാനങ്ങള്‍ ഇദ്ദേഹം ആലപിച്ചിട്ടുണ്ട്‌കെകെയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചു.

Related News