കുരങ്ങുപനി: സംസ്ഥാനങ്ങള്‍ക്കായി കേന്ദ്രം മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു

  • 31/05/2022

ന്യൂഡെല്‍ഹി: ഇരുപത് രാജ്യങ്ങളില്‍ മങ്കിപോക്‌സ് കേസുകള്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. സംശയം തോന്നുന്ന സാമ്പിളുകള്‍ പൂണെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിലവില്‍ രാജ്യത്ത് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

 രോഗബാധ എങ്ങനെ പടരുന്നു, രോഗം എങ്ങനെ കണ്ടെത്താം, ലക്ഷണങ്ങള്‍, ഏത് തരത്തില്‍ ശരീരത്തെ ബാധിക്കുന്നു, പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയും മാര്‍ഗനിര്‍ദ്ദേശത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.രോഗം ബാധിച്ചവരെ ഐസൊലേറ്റ് ചെയ്യണം. രോഗിയുമായോ, രോഗബാധിതരുമായ വസ്തുക്കളുമായോ സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണം. സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടു എന്ന് കരുതപ്പെടുന്ന ദിവസം മുതല്‍ 21 ദിവസത്തേക്ക് നിരീക്ഷണത്തില്‍ പോകണമെന്നാണ് നിര്‍ദ്ദേശത്തില്‍ പറയുന്നത്.

ഇവരെ ദിവസവും നിരീക്ഷിക്കണമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. രോഗബാധയുള്ളവരുമായുള്ള സമ്പര്‍ക്കം, രോഗികള്‍ ഉപയോഗിച്ച വസ്തുക്കള്‍ ഉപയോഗിക്കുന്നത്, രോഗബാധയുള്ളവരെ ഐസൊലേറ്റ് ചെയ്യല്‍, രോഗികളെ ശുശ്രൂഷിക്കുമ്പോള്‍ പിപിഇ കിറ്റ് പോലുള്ള സുരക്ഷാ സാമഗ്രികള്‍ ഉപയോഗിക്കല്‍, കൈ വൃത്തിയായി സൂക്ഷിക്കല്‍ തുടങ്ങിയവയില്‍ ആളുകളെ ബോധവല്‍ക്കരിക്കേണ്ടതിന്റെ ആവശ്യകതയും നിര്‍ദ്ദേശത്തില്‍ പറയുന്നു.

Related News