നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയക്കും രാഹുലിനും എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസയച്ചു

  • 01/06/2022

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് അയച്ചു. രാഹുലിനോട് ജൂണ്‍ രണ്ടിനും സോണിയയോട് ജൂണ്‍ എട്ടിനും ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, നിലവില്‍ വിദേശത്തായതിനാല്‍ ഹാജരാകാനുള്ള സമയം ജൂണ്‍ അഞ്ചിനു ശേഷം നല്‍കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

യങ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡ്(എ.ജെ.എല്‍)ആണ് നാഷണല്‍ ഹെറാള്‍ഡിന്റെ പബ്‌ളിഷര്‍മാര്‍. എ.ജെ.എല്ലിനെ യങ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുത്തതില്‍ ചതി, ഗൂഢാലോചന, വിശ്വാസവഞ്ചന തുടങ്ങിയവ നടന്നുവെന്നാണ് കേസ്. അതേസമയം പണമിടപാട് നടന്നിട്ടില്ലെന്നും ശമ്പളവും മറ്റും കൊടുത്തുതീര്‍ക്കുന്നതിന് കടം, ഒഹരികളാക്കി മാറ്റുക മാത്രമാണുണ്ടായതെന്നുമാണ് കോണ്‍ഗ്രസ് പറയുന്നത്.കള്ളപ്പണ നിരോധന നിയമത്തിലെ ക്രിമിനല്‍ വകുപ്പുകളുടെ അടിസ്ഥാനത്തില്‍ സോണിയയുടെയും രാഹുലിന്റെയും മൊഴി രേഖപ്പെടുത്താനാണ് നോട്ടീസ് അയച്ചിരിക്കുന്നത് എന്നാണ് ഇ.ഡി. ഉദ്യോഗസ്ഥരുടെ ഭാഷ്യം. അന്വേഷണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പവന്‍ ബന്‍സാല്‍ തുടങ്ങിയവരെ ഈയടുത്ത് ഇ.ഡി. ചോദ്യം ചെയ്തിരുന്നു.

Related News