ലഖിംപൂര്‍ഖേരി കേസിലെ സാക്ഷിക്ക് നേരെ വധശ്രമം

  • 01/06/2022

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് ലഖിംപുര്‍ഖേരി കേസിലെ സാക്ഷിയായ ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ദില്‍ബാഗ് സിങിന് നേരെ വധശ്രമം. ഇന്നലെ രാത്രിയാണ് ദില്‍ബാഗ് സിങ്ങിന് നേരെ ആക്രമണമുണ്ടായത്. അലിഗഞ്ച് മുണ്ടാ റോഡില്‍ വെച്ചായിരുന്നു ആക്രമണം.

വീട്ടിലേക്ക് മടങ്ങുമ്പോള്‍ ബൈക്കിലെത്തിയ രണ്ട് പേര്‍ വാഹനത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും, തലനാരിഴയ്ക്കാണ് അക്രമികളില്‍ നിന്ന് രക്ഷപ്പെട്ടതെന്നും ദില്‍ബാഗ് സിങ് പറഞ്ഞു. 'അവര്‍ കാറിന്റെ ഡോര്‍ തുറക്കാന്‍ ശ്രമിച്ചു. പരാജയപ്പെട്ടപ്പോള്‍, അവര്‍ ഡ്രൈവറുടെ വശത്തെ ജനല്‍ പാളിയിലേക്ക് രണ്ട് തവണ വെടിയുതിര്‍ത്തു. അക്രമികളുടെ ഉദ്ദേശം മനസിലാക്കിയപ്പോള്‍ ഡ്രൈവര്‍ സീറ്റ് മടക്കി തറയിലേക്ക് കുനിഞ്ഞു. വാഹനത്തിന്റെ ചില്ലുകള്‍ ഇരുണ്ട ഫിലിം കൊണ്ട് മൂടിയിരുന്നതിനാല്‍ അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു. മകന്റെ പെട്ടെന്നുള്ള അസുഖം കാരണം തന്റെ ഔദ്യോഗിക ഗണ്‍മന്‍ അവധിയിലായിരുന്നു,' അദ്ദേഹം പറഞ്ഞു.

ആക്രമണം നടന്നയുടന്‍ അദ്ദേഹം ഗോല കോട്വാലി പോലീസില്‍ പരാതി നല്‍കി. സംഭവത്തെക്കുറിച്ച് രാകേഷ് ടിക്കായത്തിനെയും അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലഖിംപുര്‍ കേസിലെ പ്രധാന സാക്ഷിയാണ് ദില്‍ബാഗ് സിങ്. കേസിന്റെ വിചാരണ നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് ഫോറന്‍സിക് പരിശോധനയും  നടക്കുന്നുണ്ട്.ഒക്ടോബര്‍ മൂന്നിനാണ് ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ഖേരിയില്‍ കര്‍ഷക സമരത്തിനിടെയിലേക്ക് കേന്ദ്രമന്ത്രിയുടെ വാഹന വ്യൂഹം ഇടിച്ചുകയറ്റിയത്. നാല് കര്‍ഷകനും ഒരു മാധ്യമപ്രവര്‍ത്തനുമുള്‍പ്പെടെ എട്ട് പേര്‍ അപകടത്തിലും തുടര്‍ന്ന് നടന്ന സംഘര്‍ഷത്തിലും മരിച്ചിരുന്നു.

സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്ന് പ്രതി ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്തതിരുന്നു.
കൊലപാതകം, ഗൂഢാലോചന തുടങ്ങിയ ഗുരുതര വകുപ്പുകളാണ് പൊലീസ് ഇയാള്‍ക്കെതിരെ ചുമത്തിയത്.

Related News