സംശയരോഗിയായ ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

  • 03/06/2022

ബംഗ്ലൂരു: സംശയരോഗിയായ ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു. കര്‍ണാടക ഹസ്സനിലെ ബേലൂരിലാണ് ദാരുണസംഭവമുണ്ടായത്. ഭാര്യാമാതാവിന്റെയും കുട്ടികളുടെയും മുമ്പില്‍ വെച്ചായിരുന്നു കൊല നടത്തിയത്. 
ഒളിവില്‍ പോയ 35 കാരനായി തെരച്ചില്‍ തുടരുകയാണ്.

മദ്യലഹരിയിലായിരുന്നു കൊലപാതകം. ഹസ്സന്‍ സ്വദേശിയായ 29 കാരി ലക്ഷ്മിയെയാണ് ഭര്‍ത്താവ് ജയദീപ് ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചു കൊന്നത്. ഭാര്യ നടത്തിയിരുന്ന പലചരക്ക് കടയുടെ പേരിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കുട്ടികള്‍ നോക്കി നില്‍ക്കെയായിരുന്നു കൊലപാതകം.

സ്ഥിരം മദ്യപാനിയായ ജയദീപ് വീട്ടുചെലവ് നോക്കാറില്ല. ചെറിയൊരു പലചരക്ക് കട നടത്തി ലക്ഷ്മിയാണ് കുടുംബം പുലര്‍ത്തിയിരുന്നത്. മദ്യപിക്കാനായി ജയദീപ് പതിവായി പണം ആവശ്യപ്പെട്ടിരുന്നു. പണം നല്‍കാന്‍ വിസമ്മതിച്ചതോടെ കടയിലെത്തുന്നവരുടെ പേര് പറഞ്ഞ് സംശയബന്ധം ആരോപിക്കാന്‍ തുടങ്ങി. ഇതോടെ ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു. രാത്രി അമിതമായി മദ്യപിച്ച് എത്തിയ ജയദീപ് വാക്ക് തര്‍ക്കത്തിനൊടുവില്‍ ലക്ഷ്മിയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കുട്ടികളുടെയും ലക്ഷ്മിയുടെ അമ്മയുടെയും കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതക ശേഷം ജയദീപ് ഒളിവിലാണ്. സമീപ ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.

Related News