പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ഹൈദരാബാദ് രാഷ്ട്രീയം കലങ്ങിമറിയുന്നു

  • 05/06/2022

ഹൈദരാബാദ്: പതിനേഴുകാരി ആഡംബര കാറിനുള്ളില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവം ഹൈദരാബാദില്‍ രാഷ്ട്രീയ ആയുധമാക്കി ബി.ജെ.പി. പ്രതികളെന്ന് കരുതുന്ന ഒരാള്‍ സ്ഥലത്തെ ടി.ആര്‍.എസ് എം.എല്‍.എ-യുടെ മകനാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. അതുകൊണ്ടു തന്നെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വിഷയം പരമാവധി കത്തിച്ച് നിര്‍ത്തുകയാണ് ബി.ജെ.പി നേതൃത്വം.

എം.എല്‍.എയുടെ മകന്‍ കേസില്‍ ഉള്‍പെട്ടിട്ടുള്ളതായി പോലീസ് പുറത്തുപറയുന്നില്ലങ്കിലും ആരോപണ വിധേയനായ എം.എല്‍.എയുടെ മകന്റെ വീഡിയോകളും ഫോട്ടോകളും ബിജെപി പുറത്തുവിട്ടു. ഇയാള്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് ഒപ്പം നില്‍ക്കുന്ന ചിത്രങ്ങളും വീഡിയോകളുമാണ് പുറത്തുവിട്ടത്. തെളിവുകള്‍ പുറത്തുവന്നിട്ടും എം.എല്‍.എയുടെ മകന്റെ പേര് പോലീസ് പുറത്തുപറയാത്തത് ഒത്തുകളിയുടെ ഭാഗമാണെന്നാണ് ബി.ജെ.പി ആരോപണം. 

അതിനിടെ വീഡിയോ പുറത്തുവിട്ടതില്‍ ബി.ജെ.പി നേതാവിനെതിരേ ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് പോലീസ് തന്നെ പറയന്നുണ്ട്. പക്ഷെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും കാറിലുള്ളവരെ മുഴുവന്‍ പോക്‌സോ കേസില്‍ അറസ്റ്റുചെയ്യാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഇതില്‍ എം.എല്‍.എയുടെ മകനുണ്ടോയെന്ന് വ്യക്തമാക്കാന്‍ പോലീസ് തയ്യാറാവണം. ബി.ജെ.പി എം.എല്‍.എ രഘുനന്ദന്‍ റാവു ആവശ്യപ്പെട്ടു. പോലീസ് നിഷേധിച്ചാലും എം.എല്‍.എയുടെ മകന്‍ കേസില്‍ ഉള്‍പ്പെട്ടതിന്റെ തെളിവ് തന്റെ കയ്യിലുണ്ടെന്നും രഘുനന്ദന്‍ റാവു പറഞ്ഞു.

Related News