ഉത്തരാഖണ്ഡില്‍ തീര്‍ത്ഥാടകരുമായി പോയ ബസ് മറിഞ്ഞ് 26 പേര്‍ മരിച്ചു

  • 06/06/2022

ദംത: മധ്യപ്രദേശിലെ പന്ന ജില്ലയില്‍ നിന്ന് തീര്‍ഥാടകരുമായി പോയ ബസ് ഞായറാഴ്ച ഉത്തരകാശിയില്‍ വച്ച് മറിഞ്ഞതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ 26 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.

എന്‍എച്ച്-94-ല്‍ ദംത മേഖലയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ ഹിമാലയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലേക്കുള്ള വഴിയില്‍ റിഖാവു ഖദ്ദിന് സമീപമാണ് അപകടമുണ്ടായതെന്ന് ഉത്തരകാശി ജില്ലാ ദുരന്തനിവാരണ ഓഫീസര്‍ ദേവേന്ദ്ര പട്വാള്‍ അറിയിച്ചു. ഉത്തരാഖണ്ഡ് പോലീസും സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫണ്ടിന്റെ (എസ്ഡിആര്‍എഫ്) റെസ്‌ക്യൂ ടീമുകളും ഉടന്‍ തന്നെ അപകടസ്ഥലത്തെത്തി, വിഷയത്തില്‍ അന്വേഷണം നടത്തിവരികയാണ്. ബദരീനാഥ്, കേദാര്‍നാഥ്, ഗംഗോത്രി എന്നിവയ്ക്കൊപ്പം ചാര്‍ ധാം എന്നറിയപ്പെടുന്ന യമുനോത്രിയിലേക്കുള്ള യാത്രയിലായിരുന്നു തീര്‍ത്ഥാടകര്‍.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ഡെറാഡൂണിലെ ഡിസാസ്റ്റര്‍ കണ്‍ട്രോള്‍ റൂമിലെത്തി, പരിക്കേറ്റവര്‍ക്ക് ശരിയായ ചികിത്സയ്ക്കൊപ്പം ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രി നരേന്ദ്ര മോദി ധനസഹായം പ്രഖ്യാപിച്ചു. ഡ്രൈവറെയും സഹായിയെയും കൂടാതെ 28 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.

Related News