പ്രവാചക നിന്ദ; അറബ് രാജ്യങ്ങളെ അനുനയിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ നീക്കം

  • 07/06/2022

ദില്ലി: ബി.ജെ.പി വക്താക്കളുടെ പ്രവാചക നിന്ദ പരാമര്‍ശത്തില്‍ അറബ് രാജ്യങ്ങളുടെ അതൃപ്തി പരിഹരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുന്നു. വിഷയം തുടര്‍ന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സുഹൃദ് രാജ്യങ്ങളുമായി സംസാരിച്ചേക്കും എന്നാണ് സൂചന. വിദേശകാര്യമന്ത്രി സ്ഥിതി നിരീക്ഷിക്കുകയാണ്. 

ഗള്‍ഫ് രാജ്യങ്ങളിലെ തെറ്റിദ്ധാരണ നീക്കാന്‍ നടപടിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രശ്‌നത്തില്‍ ഇടപെട്ടത് വൈകിയെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. അതിനിടെ, വിഷയത്തില്‍ ഇന്ത്യ പരസ്യമായി ക്ഷമാപണം നടത്തണമെന്ന് ഖത്തറും കുവൈറ്റും ആവശ്യപ്പെട്ടു. ലിബിയയും സംഭവത്തില്‍ അപലപിച്ചു.ബിജെപി വക്താവ് നൂപുര്‍ ശര്‍മ നടത്തിയ പരാമര്‍ശത്തില്‍ ഇന്ത്യക്കെതിരെ നിലപാട് കടുപ്പിക്കുകയാണ് ഗള്‍ഫ് രാജ്യങ്ങള്‍. 

ആഗോള തലത്തിലുള്ള ലക്ഷകണക്കിന് വരുന്ന ഇസ്ലാം വിശ്വാസികളില്‍ പരാമാര്‍ശം വേദനയുണ്ടാക്കിയ പശ്ചാതലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പരസ്യമായി ക്ഷണാപണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തര്‍ ചൂണ്ടിക്കാട്ടി. വിദേശകാര്യമന്ത്രി സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍ മുറൈഖി ഇന്ത്യന്‍ സ്ഥാനപതി ഡോ. ദീപക് മിത്തലിന് കൈമാറിയ ഔദ്യോഗിക കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. ധാര്‍മികവും മാനുഷികവുമായ മൂല്യങ്ങള്‍ക്ക് വിരുദ്ധമായ എല്ലാ പ്രവര്‍ത്തനങ്ങളും തള്ളിക്കളയണമെന്നാണ് യുഎഇയുടെ ആവശ്യം.

വ്യത്യസ്ത മതവിഭാഗങ്ങളുടെ അനുയായികളുടെ വികാരങ്ങള്‍ വ്രണപ്പെടുത്തുന്ന ഏത് തരം പ്രവര്‍ത്തനങ്ങള്‍ തടയാനും നടപടിയുണ്ടാകണമെന്നും യുഎഇ പ്രതിഷേധ കുറിപ്പില്‍ വ്യക്തമാക്കി. അതിനിടെ, കുവൈത്തില്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സൂപ്പര്‍ മാര്‍ക്കറ്റ് ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിച്ചു. അല്‍-അര്‍ദിയ കോഓപറേറ്റിവ് സൊസൈറ്റി സ്റ്റോറിലെ തൊഴിലാളികളാണ് പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ ഒഴിവാക്കിയത്. കുവൈത്ത് മുസ്‌ലിം ജനതയെന്ന നിലയില്‍ പ്രവാചകനെ അപമാനിക്കുന്നത് അംഗീകരികരിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു. ജിസിസി രാജ്യങ്ങള്‍ക്കു പുറമെ ജോര്‍ദ്ദാന്‍ ഇന്തോനേഷ്യ, മാലിദ്വീപ് അടക്കം കൂടുതല്‍ രാജ്യങ്ങള്‍ പ്രവാചക നിന്ദയില്‍ ഇന്ത്യക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.

Related News