രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ 41 ശതമാനം വര്‍ധന

  • 08/06/2022

ന്യൂഡെല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്. 5233 പേര്‍ക്കാണ് ഇന്നലെ മാത്രം കോവിഡ് സ്ഥിരീകരിച്ചത്. ഒരു ദിവസം കൊണ്ട് പ്രതിദിന കേസുകളില്‍ 41% വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. മാര്‍ച്ച് ആറിന് ശേഷം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ആകെ രോഗികളുടെ എണ്ണം 28,857 ആയി. കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് ബാധിച്ച് ഏഴ് പേരാണ് മരിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനം ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. മഹാരാഷ്ട്രയിലാണ് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചത്. 1881 പേര്‍ക്കാണ് ഇവിടെ പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. മുംബൈയില്‍ മാത്രം 1242 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

മഹാരാഷ്ട്രയില്‍ കൊവിഡ് ഒമിക്രോണിന്റെ ബി.എ.5 വേരിയന്റ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. അതേസമയം വലിയ തോതില്‍ രോഗവ്യാപനം ഉണ്ടാകാന്‍ ഈ വകഭേദം ഇതുവരെ വഴിവച്ചിട്ടില്ലെന്നാണ്് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്.

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനെ തുടര്‍ന്ന് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച സംഭവിച്ചതാകാം കേസുകളുടെ എണ്ണം വീണ്ടും ഉയരാന്‍ കാരണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇതേ തുടര്‍ന്ന് മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിരുന്നു.

 

Related News