പബ്ജി കളിക്കാൻ അനുവദിച്ചില്ല; മകന്‍ അമ്മയെ വെടിവെച്ച് കൊന്നു, ശേഷം കൂട്ടുകാരുമൊത്ത് സിനിമ, ദുർഗന്ധം തടയാന്‍ റൂം സ്പ്രേ

  • 08/06/2022

ലക്നൗ: പബ്ജി കളിക്കാൻ അനുവദിക്കാത്തതിന് അമ്മയെ മകന്‍ വെടിവെച്ച് കൊലപ്പെടുത്തി. അതിന് ശേഷം ഇയാള്‍ കൂട്ടുകാർക്കൊപ്പം ആഘോഷിച്ചെന്ന് പൊലീസ്. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് ഞെട്ടിക്കുന്ന സംഭവം. അച്ഛന്റെ തോക്കെടുത്താണ് മകൻ അമ്മയെ വെടിവച്ച് കൊലപ്പെടുത്തിയത്.

കൊലപാതകത്തിന് ശേഷം തൊട്ടടുത്ത മുറിയിൽ അമ്മയുടെ മൃതദേഹം പൂട്ടിയിട്ട 16കാരൻ രണ്ട് കൂട്ടുകാരെ വിളിച്ചുവരുത്തി. ഓൺലൈനിൽ മുട്ടക്കറി ഓർഡർ ചെയ്ത് കഴിക്കുകയും കൂട്ടുകാർക്കൊപ്പമിരുന്നു ഫുക്രി സിനിമ കാണുകയുമായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. കൂട്ടുകാർ അമ്മയെ കുറിച്ച് ചോദിച്ചപ്പോൾ അമ്മ ബന്ധുവിന്റെ വീട്ടിൽ പോയെന്ന് കുട്ടി കള്ളം പറഞ്ഞു. 

 ഞായറാഴ്ചയാണ് കൊലപാതകം നടന്നത്. തുടർന്ന് രണ്ട് ദിവസം മൃതദേഹം ഉള്ള മുറി കുട്ടി പൂട്ടിയിട്ടു. പബ്ജി കളിക്കാൻ അനുവദിക്കാത്തതിൽ അമ്മയോട് തനിക്ക് ദേഷ്യമായിരുന്നുവെന്നും അതിനാലാണ് അച്ഛന്റെ ലൈസൻസുള്ള തോക്കെടുത്ത് വെടിവച്ചതെന്നും കുട്ടി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. കുട്ടിയുടെ പിതാവ് കൊല്‍ക്കത്തയില്‍ സൈനിക ഉദ്യോഗസ്ഥനാണ്. ഇദ്ദേഹത്തിന്റെ പേരിലുള്ള തോക്ക് ഉപയോഗിച്ചാണ് കുട്ടി അമ്മയ്ക്ക് നേരേ വെടിയുതിര്‍ത്തതെന്നും തലയ്ക്ക് വെടിയേറ്റ അമ്മ തല്‍ക്ഷണം മരിച്ചെന്നും പോലീസ് പറഞ്ഞു. 

ദുർഗന്ധം പുറത്തുവരാതിരിക്കാൻ മൃതദേഹമുള്ള മുറിയിൽ റൂം സ്പ്രേ അടിച്ചു. എന്നാൽ രണ്ട് ദിവസമായതോടെ രൂക്ഷ​ഗന്ധത്തിൽ സംശയം തോന്നിയ നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കുട്ടിയും 10 വയസ്സുള്ള അനിയത്തിയും അമ്മയും ഒരുമിച്ചായിരുന്നു താമസം. 

കൊലപാതകം നടത്തിയത് അച്ഛന്റെതോക്കുകൊണ്ടാണെന്നും പിന്നിൽ കുട്ടിയാണെന്നും കണ്ടെത്തിയതോടെ കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മകൻ പബ്ജിയിൽ അടിമപ്പെട്ടതായി മനസ്സിലാക്കിയതോടെയാണ് കുട്ടിയെ അമ്മ പബ്ജി കളിക്കുന്നതിൽ നിന്ന് വിലക്കിയത്. പല തവണ ആവശ്യപ്പെട്ടിട്ടും മൊബൈൽ നൽകാൻ അമ്മ തയ്യാറാകാതെ വന്നതോടെ അച്ഛന്റെ തോക്കെടുത്ത് അമ്മയെ കുട്ടി വെടിവച്ച് കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 

Related News