വളര്‍ത്തുനായ ഉച്ചത്തില്‍ കുരച്ചു; അയല്‍ക്കാര്‍ തമ്മില്‍ തര്‍ക്കം, യുവാവ് കുത്തേറ്റു മരിച്ചു

  • 08/06/2022

ചെന്നൈ: വളര്‍ത്തുനായയുടെ ഉച്ചത്തിലുള്ള കുരയെച്ചൊല്ലി അയല്‍ക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റുമരിച്ചു. ചെന്നൈയിലാണ് സംഭവം. കാഞ്ചീപുരം രാജഗോപാല്‍ഭൂപതി സ്ട്രീറ്റില്‍ താമസിക്കുന്ന അറിവഴകന്റെ മകന്‍ ശരണ്‍സിങ്ങാണ്(26)മരിച്ചത്. 

അയല്‍ക്കാരായ വിഷ്ണു, അമ്മ ചിത്ര, സഹോദരന്‍ ശിവ എന്നിവരെ അറസ്റ്റ് ചെയ്തു. വിഷ്ണുവിന്റെ വീട്ടിലെ നായ ഉച്ചത്തില്‍ കുരയ്ക്കുന്നതിനെ ചൊല്ലിയായിരുന്നു രണ്ടു വീട്ടുകാരും തമ്മില്‍ തര്‍ക്കമുണ്ടായത്. നായ രാത്രിയിലും കുരയ്ക്കുന്നതിനാല്‍ ഉറങ്ങാന്‍പോലും സാധിക്കുന്നില്ലെന്ന് അറിവഴകനും കുടുംബവും പരാതിപ്പെടാറുണ്ടായിരുന്നു.

കുറച്ചുനാളുകളായി ഇതിന്റെ പേരില്‍  രണ്ട് വീട്ടുകാരും തമ്മില്‍ വാക്കേറ്റവും പതിവായിരുന്നു. തിങ്കളാഴ്ച രാത്രി ശരണ്‍സിങ് വീട്ടിലില്ലാതിരുന്ന സമയവും തര്‍ക്കമുണ്ടായി. വിഷ്ണുവും സഹോദരനും അമ്മയും മൂന്ന് സുഹൃത്തുക്കളും അറിവഴകനെയും ഭാര്യ അമുദയെയും മകള്‍ സൗമ്യയെയും കൈയേറ്റം ചെയ്തു.

പിന്നീട് വീട്ടിലെത്തിയ ശരണ്‍സിങ് ഇതേക്കുറിച്ച് വിഷ്ണുവിനോട് ചോദിച്ചതോടെ വീണ്ടും പ്രശ്‌നമായി. രണ്ട് വീട്ടുകാരും പരസ്പരം ആക്രമിച്ചു. ഇതിനിടെ വീട്ടിനുള്ളില്‍നിന്ന് മൂര്‍ച്ചയേറിയ ആയുധം എടുത്തുകൊണ്ടുവന്ന വിഷ്ണു, ശരണ്‍സിങ്ങിനെ കുത്തുകയായിരുന്നു. അറിവഴകനടക്കം മറ്റ് മൂന്നുപേര്‍ക്കും കുത്തേറ്റു. 

Related News