പുതിയ രാഷ്ട്രപതിയാരെന്ന് ജൂലൈ 21ന് അറിയാം; തെരഞ്ഞെടുപ്പ് 18ന്

  • 09/06/2022


ന്യൂഡെല്‍ഹി: രാംനാഥ് കോവിന്ദിന്റെ പിന്‍ഗാമിയാരെന്ന് ജൂലൈ 21നറിയാം. രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലൈ 18ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ദല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ജൂണ്‍ 15നായിരിക്കും തെരഞ്ഞെടുപ്പ് സംബന്ധിച്ച വിജ്ഞാപനമിറങ്ങുക. ജൂണ്‍ 29വരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാം. ജൂണ്‍ 30നായിരിക്കും സ്ഥാനാര്‍ത്ഥി വിവരങ്ങള്‍ സൂക്ഷമപരിശോധന ചെയ്യുക. ജൂലൈ രണ്ട് വരെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ അവസരമുണ്ട്. നിലവില്‍ ജൂലൈ 18ന് തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ഇലക്ഷന്‍ കമ്മീഷന്‍ വ്യക്തമാക്കി. ദല്‍ഹിയില്‍ ജൂലൈ 21നായിരിക്കും വോട്ടെണ്ണല്‍ നടത്തുക.

തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കാന്‍ പ്ലാസ്റ്റിക്
സാമഗ്രികളുടെ ഉപയോഗം ഒഴിവാക്കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ എല്ലാ ഘട്ടത്തിലും കൃത്യമായി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

 
രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24ന് അവസാനിക്കാനുന്നതിന്റെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. രാംനാഥ് കോവിന്ദിനെ രണ്ടാമതും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കാന്‍ സാധ്യതയില്ലെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

നിലവിലെ രാഷ്ട്രപതിയുടെ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് അടുത്ത രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഭരണഘടനയില്‍ പറഞ്ഞിട്ടുള്ളത്. 2017 ജൂലൈ 17-നാണ് അവസാനത്തെ രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടന്നത്.


ലോക്‌സഭയിലെയും രാജ്യസഭയിലെയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും സംസ്ഥാന നിയമസഭകളിലേയും ദല്‍ഹിയിലേയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും ഉള്‍പ്പെടുന്ന ഇലക്ടറല്‍ കോളേജ് ആണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. ഇലക്ടറല്‍ കോളേജില്‍ ഏറ്റവും കൂടുതല്‍ വോട്ട് മൂല്യമുള്ളത് ഉത്തര്‍പ്രദേശിനാണ്. ഇക്കുറി 5,43,200 ആണ് എം.പിമാരുടെ വോട്ട് മൂല്യം. എം.എല്‍.എമാരുടേത് 5,43,231 ആയിരിക്കും.

നിലവിലെ സാഹചര്യത്തില്‍ ബി.ജെ.പിയ്ക്ക് തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ അനായാസം സാധിക്കുമെന്നാണ് വിലയിരുത്തല്‍. അടുത്തിടെ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, തുടങ്ങിയ സംസ്ഥാനങ്ങളില്‍ നേടിയ വിജയം രാഷ്ട്രപതി തെരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് അനുകൂലമാകുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്.



Related News