പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് രണ്ട് യുവാക്കളെ തീകൊളുത്തി, ഒരാള്‍ മരിച്ചു

  • 09/06/2022

റാഞ്ചി: പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികളെന്ന് ആരോപിക്കുന്ന രണ്ട് യുവാക്കളെ നാട്ടുകാര്‍ മർദ്ദിക്കുകയും ശേഷം തീകൊളുത്തുകയും ചെയ്തു. ജാർഖണ്ഡിലെ ഗുംല ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന് ആരോപിച്ചാണ് രണ്ട് യുവാക്കളെ തീക്കൊളുത്തിയത്. 

ആക്രമണത്തില്‍ യുവാക്കളിലൊരാൾ മരിച്ചു. മറ്റൊരാൾ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. തൊട്ടടുത്ത ഗ്രാമത്തിലുള്ളവരാണ് യുവാക്കള്‍. രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലാണ് ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് ഗുംല സബ് ഡിവിഷണൽ പൊലീസ് ഓഫീസർ മനീഷ് ചന്ദ്ര ലാൽ പറഞ്ഞു. 

പെൺകുട്ടിയെ യുവാക്കൾ പീ‍ഡിപ്പിച്ചുവെന്നറിഞ്ഞ കുട്ടിയുടെ രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് ഇവരെ പിടികൂടി. തുടര്‍ന്ന് ഇവരെ പെൺകുട്ടിയുടെ ഗ്രാമത്തിലേക്ക് കൊണ്ടുവരികയും മർദ്ദിക്കുകയും തീക്കൊളുത്തുകയുമായിരുന്നു. പ്രതികളുടെ മോട്ടോർ ബൈക്കും നാട്ടുകാർ തീയിട്ടു. പെൺകുട്ടിയുടെ ബന്ധുക്കൾ സദർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. 

പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രദേശത്തെ ക്രമസമാധാനം പാലിക്കാൻ ഒരു സംഘം പോലീസുകാരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്നും പോലീസ് ഓഫീസർ വ്യക്തമാക്കി. 

Related News