57 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്

  • 10/06/2022

ദില്ലി: രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ 15 സംസ്ഥാനങ്ങളിലെ 57 രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ പത്ത് മുതല്‍ വൈകീട്ട് നാല് മണി വരെയാണ് തെരഞ്ഞെടുപ്പ്. ഇന്ന് തന്നെ ഫലമറിയാം. പതിനൊന്ന് സംസ്ഥാനങ്ങളിലായി 41 സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പട്ടിട്ടുണ്ട്. 

നാല് സംസ്ഥാനങ്ങളിലെ 16 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്.മഹാരാഷ്ട്ര, രാജസ്ഥാന്‍, ഹരിയാന,കര്‍ണ്ണാടക എന്നിവിടങ്ങളില്‍ സ്വതന്ത്രരുടെയും ചെറുപാര്‍ട്ടികളുടെയും നിലപാട് അടിയൊഴുക്കില്‍ നിര്‍ണായകമാണ്. ആറ് സീറ്റുള്ള മഹാരാഷ്ടയില്‍ 7 സ്ഥാനാര്‍ത്ഥികളാണ് രംഗത്തുള്ളത്.ബിജെപി രണ്ടും മഹാവികാസ് അഘാഡിയിലെ കോണ്‍ഗ്രസ് ,എന്‍സിപി, ശിവസേന എന്നിവര്‍ ഓരോ സീറ്റിലും ജയമുറപ്പിച്ചിട്ടുണ്ട്. ആറാമത്തെ സീറ്റില്‍ ശിവസേനയും ബിജെപിയും സ്ഥാനാര്‍ത്ഥികളെ ഇറക്കിയിരിക്കുന്നു.രാജസ്ഥാനിലും ഹരിയാനയിലും മാധ്യമസ്ഥാപന ഉടമകളായ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ ഇറക്കി ബിജെപി കോണ്‍ഗ്രസിന് വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്.

ഗാന്ധി കുടംബത്തിന്റെ വിശ്വസ്തരെ മത്സരിക്കാന്‍ നിയോഗിച്ചതില്‍ ഈ മൂന്ന് സംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസ് ക്യാമ്പില്‍ അമര്‍ഷം ശക്തമാണ്. കര്‍ണ്ണാടകത്തില്‍ ജെഡിഎസ് ജയിക്കുമെന്ന് പ്രതീക്ഷിച്ച നാലാമത്തെ സീറ്റില്‍ കോണ്‍ഗ്രസും ബിജെപിയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. കുതിര കച്ചവടം തടയാന്‍ കക്ഷികള്‍ നേരത്തെ തന്നെ എംഎല്‍എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റിയിരുന്നു. ജെഡിഎസ്സിന്റെ മുഴുവന്‍ എംഎല്‍മാരെയുമാണ് റിസോര്‍ട്ടിലേക്ക് മാറ്റിയത്. ബെംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലേക്കാണ് 32 ജെഡിഎസ് എംഎല്‍എ മാരെ മാറ്റിയത്.

കുതിര കച്ചവട സാധ്യത ഭയന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഹരിയാനയിലും, രാജസ്ഥാനിലും, മഹാരാഷ്ട്രയിലും എംഎല്‍എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റിയിരുന്നു. 200 അംഗ നിയമസഭയില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസിന് 108 ഉം ബിജെപിക്ക് 71 ഉം സീറ്റുകളാണുള്ളത്. ജയിക്കാന്‍ ഓരോ സ്ഥാനാര്‍ത്ഥിക്കും കിട്ടേണ്ടത് 41 വോട്ടാണ്. സീറ്റ് നില പരിശോധിച്ചാല്‍ കോണ്‍ഗ്രസിന് 2 ഉം ബിജെപിക്ക് ഒരു സീറ്റിലും ജയിക്കാം. നാല് സീറ്റുകളുള്ളതില്‍ അഞ്ച് സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.

Related News