രാഹുല്‍ ഗാന്ധി ഇന്ന് ഇ.ഡിക്ക് മുന്നില്‍ ഹാജരാകും

  • 12/06/2022

ദില്ലി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധി ഇന്ന് രാവിലെ 11ഓടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് മുന്‍പാകെ ഹാജരാകും. മുന്‍ അധ്യക്ഷനൊപ്പം കോണ്‍ഗ്രസ് നേതാക്കളും ഇ ഡി ഓഫീസ് വരെ അണിനിരക്കാനാണ് തീരുമാനിച്ചിരുന്നത്. എ ഐ സി സി ആസ്ഥാനത്ത് നിന്ന് പ്രതിഷേധ മാര്‍ച്ചോടെ നേതാക്കള്‍ രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഡ്യം അറിയിച്ച് ഇ ഡി ഓഫീസിലേക്ക് നീങ്ങുമെന്നാണ് അറിയിച്ചിട്ടുള്ളത്. 

രാജസ്ഥാന്‍, ഛത്തീസ്ഘട്ട് മുഖ്യമന്ത്രിമാര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, എം പിമാര്‍ തുടങ്ങിയവര്‍ ദില്ലി പ്രതിഷേധത്തില്‍ അണിനിരക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഈ റാലിക്ക് റാലിക്ക് ദില്ലി പൊലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്. ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇ ഡി ഓഫീസിലേക്ക് റാലി നടത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് നേതാക്കള്‍ക്ക് ദില്ലി പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. 

രാഹുല്‍ ഗാന്ധി ഹാജരാകുന്ന സമയം രാജ്യത്തെ മുഴുവന്‍ ഇ ഡി ഓഫീസുകള്‍ക്ക് മുന്നിലും പി സി സികളുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതികാര രാഷ്ട്രീയത്തിനെതിരെ പ്രതിഷേധിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ മൊഴിയെടുക്കുന്നതിന് പിന്നാലെ ഇ ഡി ഈ മാസം 23ന് സോണിയ ഗാന്ധിയുടെ മൊഴിയുമെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കള്ളപ്പണനിരോധന നിയമത്തിലെ ക്രിമിനല്‍ നടപടി പ്രകാരം മൊഴിയെടുക്കുന്നുവെന്നാണ് ഇരുവര്‍ക്കും ഇ ഡി നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കുന്നത്. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥരായ എ ജെ എല്‍ കമ്പനിയുടെ കോടിക്കണക്കിന് വിലവരുന്ന ആസ്തി സോണിയ ഗാന്ധിയും, രാഹുല്‍ ഗാന്ധിയും ഡയറക്ടര്‍മാരായ യംഗ് ഇന്ത്യ എന്ന കമ്പനിയിലേക്ക് മാറ്റിയതില്‍ കള്ളപ്പണ ഇടപാട് നടന്നുവെന്ന സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ പരാതിയിലാണ് ഇഡി നടപടി.

Related News