കോണ്‍ഗ്രസ് പ്രതിഷേധങ്ങള്‍ക്കിടെ രാഹുല്‍ ഗാന്ധി ഇ.ഡിക്ക് മുന്‍പാകെ ഹാജരായി;

  • 13/06/2022

ന്യൂഡെല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യലിനായി രാഹുല്‍ ഗാന്ധി എന്‍ഫോഴ്‌സ് ഡയരക്ടറേറ്റ് മുന്‍പാകെ ഹാജരായി. രാഹുല്‍ ഗാന്ധിയും അദ്ദേഹത്തെ അനുഗമിച്ചു. 

സുരക്ഷാ ഉദ്യോഗസ്ഥരുടെ വലിയ വലയത്തിന് ഉള്ളിലായിരുന്നു രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമുള്‍പ്പടെ എഐസിസി ആസ്ഥാനത്ത് നിന്ന് നടന്ന് തുടങ്ങിയത്. വാഹനത്തില്‍ പോകാന്‍ വിസമ്മതിച്ച രാഹുല്‍ ഇഡി ഓഫീസ് വരെ നടന്ന് പോകുമെന്നാണ് പ്രഖ്യാപിച്ചത്. ഇതോടെ ദില്ലി പൊലീസ് സ്ഥലത്ത് വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. എഐസിസി ആസ്ഥാനത്ത് പൂര്‍ണമായും കൂടുതല്‍ ബാരിക്കേഡുകള്‍ വച്ച് അടച്ചു. അക്ബര്‍ റോഡില്‍ നിന്ന് ഇഡി ആസ്ഥാനത്തേക്ക് പോകുന്ന വഴി മുഴുവന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.എന്നാലിതിനെയെല്ലാം ലംഘിച്ച് രാവിലെ മുതല്‍ ഇവിടേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പതാകയുമായി എത്തി. 

രാഹുല്‍ ഗാന്ധിയുടെ വസതിയ്ക്ക് മുന്നിലേക്ക് എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ദില്ലി പൊലീസ് തടഞ്ഞു. ഇതോടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമായി.എഐസിസി ആസ്ഥാനത്തിന് സമീപത്ത് തന്നെയുള്ള രാഹുലിന്റെ വസതിക്ക് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കുകയും ചെയ്തു. രാവിലെ നാടകീയരംഗങ്ങളാണ് എഐസിസി ആസ്ഥാനത്തിന് മുന്നിലും ഇഡി ഓഫീസിന് മുന്നിലും അരങ്ങേറിയത്. രാവിലെ ഇഡി ആസ്ഥാനത്തിന് മുന്നിലെത്തിയ മുന്‍ കോണ്‍ഗ്രസ് എംപി ഉദിത് രാജിനെ പൊലീസ് വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയത്.ഇഡി ആസ്ഥാനത്തിന് മുന്നിലും വലിയ പൊലീസ് കാവലാണ് ഒരുക്കിയിരിക്കുന്നത്. ഇതിനിടെ, ഇതിനിടെ ഇഡി ഓഫീസിന് മുന്നിലെത്തിയ കൊടിക്കുന്നില്‍ സുരേഷ് എംപിയെ പിടിച്ച് തള്ളി പൊലീസ്. പൊലീസും എംപിയും തമ്മില്‍ വാക്കുതര്‍ക്കവുമുണ്ടായി.11 മണിയോടെയാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പി ചിദംബരവും കെ സി വേണുഗോപാലും രണ്‍ദീപ് സുര്‍ജേവാലയും മറ്റ് മുതിര്‍ന്ന നേതാക്കളുമടക്കം മാര്‍ച്ച് ചെയ്ത് ഇഡി ഓഫീസിലേക്ക് പുറപ്പെട്ടത്. 

ദില്ലി പൊലീസ് പല തവണ തടഞ്ഞെങ്കിലും അതൊന്നും കാര്യമാക്കാതെ രാഹുല്‍ മുന്നോട്ട് നടക്കുകയായിരുന്നു.ഒടുവില്‍ ഇഡി ആസ്ഥാനത്ത് എത്തിയ രാഹുലിനെ മാത്രമായി ഇഡി ഉദ്യോഗസ്ഥര്‍ വാഹനത്തില്‍ കയറ്റി അകത്തേക്ക് കൊണ്ടുപോവുകയായിരുന്നു. മറ്റെല്ലാ നേതാക്കളെയും പ്രവര്‍ത്തകരെയും നിരവധി വാഹനങ്ങള്‍ കൊണ്ടുവന്ന് ദില്ലി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. ചോദ്യം ചെയ്യല്‍ കഴിഞ്ഞ് രാഹുല്‍ പുറത്തിറങ്ങുന്നത് വരെ പ്രതിഷേധം തുടരുമെന്നും ഇത് രാഷ്ട്രീയപകപോക്കല്‍ മാത്രമാണെന്നും മുതിര്‍ന്ന നേതാക്കള്‍ പ്രതികരിച്ചു.

Related News