മൂന്നാം ട്വന്റി-20യില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് ജയം

  • 14/06/2022

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്ക്കെതിരായ നിര്‍ണായകമായ മൂന്നാം ട്വന്റി 20 മത്സരത്തില്‍ ആതിഥേയരായ ഇന്ത്യയ്ക്ക് വിജയം. 48 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക 19.1 ഓവറില്‍ 131 റണ്‍സിന് ഓള്‍ ഔട്ടായി. 

ഈ വിജയത്തോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ പ്രതീക്ഷ കാത്തു. ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. ശേഷിക്കുന്ന മത്സരങ്ങളില്‍ വിജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. അര്‍ധസെഞ്ചുറി നേടിയ ഋതുരാജ് ഗെയ്ക്വാദും ഇഷാന്‍ കിഷനും നാല് വിക്കറ്റ് വീഴ്ത്തിയ ഹര്‍ഷല്‍ പട്ടേലും മൂന്നുവിക്കറ്റെടുത്ത ചാഹലുമാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്.180 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക കരുതലോടെയാണ് കളിയാരംഭിച്ചത്. എന്നാല്‍ നാലാം ഓവറിലെ അവസാന പന്തില്‍ ഓപ്പണറും നായകനുമായ തെംബ ബവൂമയെ വീഴ്ത്തി അക്ഷര്‍ പട്ടേല്‍ ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടി നല്‍കി. 

10 പന്തില്‍ നിന്ന് എട്ട് റണ്‍സ് മാത്രമെടുത്ത ബവൂമയെ അക്ഷര്‍ പട്ടേല്‍ ആവേശ് ഖാന്റെ കൈയ്യിലെത്തിച്ചു. ബവൂമ പുറത്താകുമ്പോള്‍ ദക്ഷിണാഫ്രിക്ക നാലോവറില്‍ 23 റണ്‍സ് മാത്രമാണ് നേടിയത്. ബവൂമയ്ക്ക് പകരം റീസ ഹെന്‍ഡ്രിക്സിന് കൂട്ടായി ഓള്‍റൗണ്ടര്‍ ഡ്വെയിന്‍ പ്രിട്ടോറിയസ് ക്രീസിലെത്തി. ചാഹല്‍ ചെയ്ത അഞ്ചാം ഓവറില്‍ ഹെന്‍ഡ്രിക്സിന്റെ ക്യാച്ച് ഋഷഭ് പന്ത് പാഴാക്കി. എന്നാല്‍ ആറാം ഓവറിലെ അവസാന പന്തില്‍ ഹെന്‍ഡ്രിക്സ് പുറത്തായി.20 പന്തുകളില്‍ നിന്ന് 23 റണ്‍സെടുത്ത ഹെന്‍ഡ്രിക്സിനെ ഹര്‍ഷല്‍ പട്ടേല്‍ ചാഹലിന്റെ കൈയ്യിലെത്തിച്ചു. പിന്നാലെ വന്ന റാസി വാന്‍ ഡെര്‍ ഡ്യൂസനെ പെട്ടെന്ന് മടക്കി ചാഹല്‍ മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കി. വെറും ഒരു റണ്‍ മാത്രമെടുത്ത ഡ്യൂസനെ മികച്ച ക്യാച്ചിലൂടെ ഋഷഭ് പന്ത് പുറത്താക്കി. ഇതോടെ ദക്ഷിണാഫ്രിക്ക 40 ന് മൂന്ന് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു.

Related News