എയർ ഏഷ്യയുടെ മുഴുവൻ ഓഹരികളും വാങ്ങാൻ എയർ ഇന്ത്യക്ക് അനുമതി

  • 15/06/2022



മുംബൈ: എയർ ഏഷ്യ ഇന്ത്യ വിമാന കമ്പനിയിലെ മുഴുവൻ ഓഹരികളും ഏറ്റെടുക്കാൻ ഇന്ത്യക്ക് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ അനുമതി നൽകി. എയർ ഏഷ്യ വിമാന കമ്പനിയിലെ ഇപ്പോഴത്തെ ഏറ്റവും വലിയ നിക്ഷേപകർ ടാറ്റാ ഗ്രൂപ്പാണ്. 83.67% ഇക്വിറ്റി ഓഹരികളാണ് ടാറ്റാ സൺസിന് എയർ ഏഷ്യ ഇന്ത്യയിലുള്ളത്.

മലേഷ്യൻ വിമാനക്കമ്പനിയായ എയർ ഏഷ്യ ഗ്രൂപ്പിന്റെ ഇന്ത്യയിലെ സ്ഥാപനമായ എയർ ഏഷ്യ ഇന്ത്യയിൽ നേരത്തെ തന്നെ ടാറ്റാ ഗ്രൂപ്പ് പങ്കാളികളായിരുന്നു. ഇതടക്കം മുഴുവൻ ഓഹരികളും ഇനി എയർ ഇന്ത്യ ലിമിറ്റഡിന് കീഴിലേക്ക് മാറും. നിലവിൽ ടാറ്റാ സൺസ് പ്രൈവറ്റ് ലിമിറ്റഡ് കീഴിലെ പൂർണ ഉടമസ്ഥതയിലുള്ള ഉപ കമ്പനിയായ ടാലസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് എയർഇന്ത്യയുടെ ഉടമസ്ഥർ.

ഇന്ത്യയിൽ 2014 ജൂണിൽ ആണ് എയർ ഏഷ്യ ഇന്ത്യ പ്രവർത്തനം തുടങ്ങിയത്. എയർ പാസഞ്ചർ ട്രാൻസ്പോർട്ട്, എയർ കാർഗോ ട്രാൻസ്പോർട്ട്, ചാർട്ടർ ഫ്ലൈറ്റ് സർവീസസ് തുടങ്ങിയ സേവനങ്ങളാണ് എയർ ഏഷ്യ ഇന്ത്യ നൽകിവരുന്നത്.

എയർ ഏഷ്യ ഇന്ത്യയെ എയർ ഇന്ത്യ ഏറ്റെടുക്കാനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ ആരംഭിച്ചിരുന്നു. പ്രവർത്തന ചെലവ് ചുരുക്കാൻ ലക്ഷ്യമിട്ടായിരുന്നു നീക്കം. ഏറ്റെടുക്കലിന് അനുമതി തേടി എയര്‍ ഇന്ത്യ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയെ സമീപിച്ചിരുന്നു.

എയർ ഏഷ്യ ഇന്ത്യയിൽ നിലവിൽ ടാറ്റ സൺസിന് 84 ശതമാനം ഓഹരിയുണ്ട്. മലേഷ്യൻ വിമാനക്കമ്പനി എയർ ഏഷ്യയാണ് 16 ശതമാനം ഓഹരി കൈയ്യാളുന്നത്. എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത ഘട്ടത്തിൽ തന്നെ എയർ ഏഷ്യയുടെ ലയനം ഉണ്ടാകുമെന്ന് വാർത്തകളുണ്ടായിരുന്നു.

Related News