രാഷ്ട്രപതി സ്ഥാനത്തേക്ക് ഗോപാല്‍കൃഷ്ണ ഗാന്ധിയെ നിര്‍ദേശിച്ച് ഇടത് പാര്‍ട്ടികള്‍

  • 15/06/2022

ന്യുഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി മഹാത്മാ ഗാന്ധിയുടെ ചെറുമകനായ ഗോപാല്‍കൃഷ്ണ ഗാന്ധിയുടെ പേര് നിര്‍ദേശിച്ച് ഇടതു പാര്‍ട്ടികള്‍. പവാര്‍ ഇതിനോട് എതിര്‍പ്പ് അറിയിച്ചിട്ടില്ലെന്നാണ് വിവരം. രാഷ്ട്രപതി സ്ഥാനാര്‍ഥിയെ തീരുമാനിക്കാനായി ഡല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ഗോപാല്‍കൃഷ്ണ ഗാന്ധിയുടെ പേര് നിര്‍ദേശിച്ചേക്കും. 

അതേസമയം രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്നത് സംബന്ധിച്ച കാര്യം തന്നോട് സംസാരിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ആലോചിക്കാന്‍ സമയം വേണമെന്നാണ് നേതാക്കളെ അറിയിച്ചതെന്നും ഗോപാല്‍കൃഷ്ണ ഗാന്ധി പ്രതികരിച്ചു. ഉപരാഷ്ട്രപതി സ്ഥാനത്തേക്കും പ്രതിപക്ഷ സ്ഥാനാര്‍ഥിയായി ഗോപാല്‍കൃഷ്ണ ഗാന്ധി മത്സരിച്ചിരുന്നു. എന്നാല്‍ വെങ്കയ്യ നായിഡുവിനോട് അദ്ദേഹം പരാജയപ്പെട്ടു. 77-കാരനായ ഗോപാല്‍കൃഷ്ണ ഗാന്ധി ദക്ഷിണാഫ്രിക്കയിലും ശ്രീലങ്കയിലും ഇന്ത്യയുടെ ഹൈക്കമ്മീഷണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായ നേരത്തെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ പേരും ചില നേതാക്കള്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അദ്ദേഹം മത്സരിക്കാന്‍ വിസമ്മതിച്ചു. ജൂലായ് 18-നാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കുക.



Related News