തിളയ്ക്കുന്ന സാമ്പാറില്‍ വീണ് സ്‌കൂള്‍ പാചകക്കാരി മരിച്ചു

  • 15/06/2022

മംഗളൂരു: തിളയ്ക്കുന്ന സാമ്പാറില്‍ വീണ് സ്‌കൂളിലെ പാചകക്കാരി മരിച്ചു. കര്‍ണാടകയിലെ സെന്റ് വിക്ടര്‍ സ്‌കൂളിലെ പാചകക്കാരിയായ ആഗ്നസ് പ്രമീള ഡിസൂസയാണ് (37) മരിച്ചത്.  

പൊള്ളലേറ്റ ആഗ്നസിനെ പുത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ സര്‍ക്കാര്‍ വെന്‍ലോക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. 

അതേസമയം ആഗ്നസ് സാമ്പാറില്‍ വീണ് മരിച്ചതല്ലെന്നും അമിതമായ മദ്യപാനത്തെ തുടര്‍ന്നാണ് മരിച്ചതെന്നുമാണ് സ്‌കൂള്‍ അധികൃതരുടെ വാദം. മെയ് 30നാണ് അപകടമുണ്ടായതെന്ന് ആഗ്നസിന്റെ സഹോദരന്‍ പോലീസ് നല്‍കിയ പരാതിയില്‍ പറയുന്നു. തിളയ്ക്കുന്ന സാമ്പാറില്‍ വീണതിനാല്‍ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ വിദഗ്ധ ചികിത്സ ആവശ്യമായതിനാല്‍ മംഗളൂരവുവിലെ ആശുപത്രിയിലേക്ക് മാറ്റി. 

ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് ജൂണ്‍ 12ന് ആഗ്നസ് മരണത്തിന് കീഴടങ്ങിയതായി സഹോദരന്‍റെ പരാതിയില്‍ പറയുന്നു. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ ഇക്കാര്യം നിഷേധിച്ചു. സംഭവദിവസം രാവിലെ 11ന് ആഗ്നസ് സ്‌കൂളില്‍ വന്നിരുന്നു. മദ്യലഹരിയില്‍ ആയതിനാല്‍ പാചകപ്പുരയിലേക്ക് പോകാന്‍ അനുവദിച്ചില്ല. പിന്നീട് അരപ്പ് തേടി അടുക്കളയിലേക്ക് പോയിരുന്നു. ഒപ്പം മറ്റ് ജോലിക്കാരും ഉണ്ടായിരുന്നു. അഗ്നസ് അടുക്കളയിലേക്ക് പോകുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് വിളമ്പാന്‍ പാകമായ സാമ്പാര്‍ പാത്രത്തില്‍ കാലുകള്‍ തട്ടി ചെറിയതായി പൊള്ളലേറ്റിരുന്നു.

ആശുപത്രിയില്‍ പോകാന്‍ വിസമ്മതിച്ച ആഗ്നസിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു. ശരീരത്തില്‍ 18% പൊള്ളല്‍ മാത്രമേയുള്ളൂവെന്നും ഒരാഴ്ചയ്ക്കുള്ളില്‍ അവള്‍ സുഖം പ്രാപിക്കുമെന്നും ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു. 

ആഗ്‌നസ് മരുന്നുകള്‍ക്കൊപ്പം മദ്യവും കഴിച്ചതോടെയാണ് പൊള്ളലുകള്‍ ഭേദമാകാതെ അവള്‍ മരിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്. ആഗ്‌നസിനെ മദ്യാസക്തിയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ജൂണ്‍ മാസം മുതല്‍ അവരെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാന്‍ സ്‌കൂള്‍ മാനേജ്മെന്റ് തീരുമാനിച്ചിരുന്നതായി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പറഞ്ഞു.

Related News