അയര്‍ലാന്‍ഡിനെതിരായ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണും

  • 15/06/2022


ന്യൂഡല്‍ഹി: അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലിടം നേടി മലയാളി താരം സഞ്ജു സാംസണ്‍. രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ നായകന്‍. ഋഷഭ് പന്തിന് പകരമാണ് സഞ്ജു സാംസണ്‍ ടീമിലെത്തുന്നത്. പന്ത് ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് മത്സരത്തിലിടം നേടിയതോടെയാണ് സഞ്ജുവിന് വഴിതുറന്നുകിട്ടിയത്. 

നിലവില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയില്‍ പന്താണ് ഇന്ത്യയെ നയിക്കുന്നത്.പന്തിന്റെ അഭാവത്തിലാണ് ഹാര്‍ദിക് നായകനാകുന്നത്. ഭുവനേശ്വര്‍ കുമാര്‍ സഹനായകനാകും. സഞ്ജുവിന് പുറമേ ഇഷാന്‍ കിഷന്‍, ദിനേശ് കാര്‍ത്തിക്ക് എന്നീ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരും ടീമിലുണ്ട്. സഞ്ജുവിന് പുറമേ ഇതുവരെ ഇന്ത്യന്‍ ടീമിലിടം ലഭിക്കാത്ത രാഹുല്‍ ത്രിപാഠിയും അവസരം നേടിയിട്ടുണ്ട്. സൂര്യകുമാര്‍ യാദവ് ടീമില്‍ തിരിച്ചെത്തി. 

ജൂണ്‍ 26, 28 തീയ്യതികളിലായാണ് ഇന്ത്യ-അയര്‍ലന്‍ഡ് മത്സരം നടക്കുന്നത്. അയര്‍ലന്‍ഡ് മത്സരത്തിന് വേദിയാകും. ഐ.പി.എല്ലില്‍ സഞ്ജുവിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാന്‍ റോയല്‍സ് ഫൈനലിലെത്തിയതോടെ താരം ഇന്ത്യന്‍ ടീമിലെത്തുമെന്ന പ്രതീക്ഷ സജീവമായിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയില്‍ ഇടം നേടാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല. യുവതാരങ്ങളെ അണിനിരത്തിയാണ് ഇന്ത്യ അയര്‍ലന്‍ഡിലേക്ക് പറക്കുന്നത്.ടീം ഇന്ത്യ: ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ഇഷാന്‍ കിഷന്‍, ഋതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ദിനേശ് കാര്‍ത്തിക്ക്, യൂസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, രവി ബിഷ്ണോയി, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്.



Related News