ഡ്രൈവറും കണ്ടക്ടറും ഭക്ഷണം കഴിക്കാൻ പോയ തക്കത്തിന് മോഷണം; സിസിടിവിയില്‍ കുടുങ്ങി കള്ളന്‍

  • 15/06/2022

മംഗളൂരു: നിർത്തിയിട്ട ബസിൽ നിന്ന് കണ്ടക്ടറുടെ ബാഗിലെ പണം കവർന്നയാൾ സിസിടിവിയില്‍ കുടുങ്ങി. മംഗളൂരു നഗരത്തിൽ തിങ്കളാഴ്ചയാണ് സംഭവം. ഇയാള്‍ പണം മോഷ്ടിക്കുന്നത് സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. 

സ്റ്റേറ്റ് ബാങ്ക് പരിസരത്ത് നിർത്തിയിട്ട ബസിലാണ് കവർച്ച നടന്നത്. ബസ് ഡ്രൈവറും കണ്ടക്ടറും ഭക്ഷണം കഴിക്കാൻ പോയതായിരുന്നു. ബസിൽ യാത്രക്കാരുണ്ടായിരുന്നില്ല. കണ്ടക്ടർ തിരിച്ചെത്തി ബസിലെ പെട്ടിയിൽ നിന്ന് ബാഗെടുക്കാൻ നോക്കിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. 

തുടർന്ന് ബസിലെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചു. വെള്ള മുണ്ടുടുത്ത ഒരാൾ ബസിൽ കയറി ബാഗ് മോഷ്ടിക്കുന്ന ദൃശ്യങ്ങൾ അതിലുണ്ടായിരുന്നു. ബസ് ജീവനക്കാർതന്നെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് മോഷണവിവരം പുറത്തറിയുന്നത്. പോലീസിൽ പരാതി നൽകാത്തതിനാൽ കേസെടുത്തിട്ടില്ല. 

Related News